അമോറിമിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിലേക്ക് തിരിച്ചുവന്നു. ഇന്ന് യൂറോപ്പ ലീഗില്‍ ചെക്ക് റിപബ്ലിക്കില്‍ നടന്ന മത്സരത്തില്‍ വിക്ടോറിയ പ്ലസനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.
സബ്ബായി എത്തി ഇരട്ട ഗോള്‍ നേടിയ ഹൊയ്ലുണ്ട് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഹീറോ ആയത്.
ഇന്ന് വളരെ വിരസമായ ആദ്യ പകുതിയാണ് കാണാൻ ആയത്. ഇരു ടീമും കാര്യമായ അവസരങ്ങള്‍ സൃഷ്ടിച്ചില്ല. രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് കീപ്പർ ഒനാനയുടെ ഒരു പിഴവ് വിക്ടോറിയ പ്ലസന് ഗോള്‍ സമ്മാനിച്ചു. വൈദ്രയാണ് ഗോള്‍ നേടിയത്.
ഈ ഗോളിന് ശേഷം അമോറിം ഹൊയ്ലുണ്ടിനെ ഉള്‍പ്പെടെ നിരവധി അറ്റാക്കിംഗ് മാറ്റങ്ങള്‍ വരുത്തി. ഈ മാറ്റങ്ങള്‍ ഫലം കാണുകയും ചെയ്തു. 62ആം മിനുട്ടില്‍ ഹൊയ്ലുണ്ട് യുണൈറ്റഡിന് സമനില നല്‍കി. അമദിന്റെ ഒരു ഷോട്ട് പ്ലസൻ കീപ്പർ തടഞ്ഞപ്പോള്‍ റീബൗണ്ടില്‍ ഹൊയ്ലുണ്ട് ലക്ഷ്യം കാണുക ആയിരുന്നു.
യുണൈറ്റഡ് ഇതിനു ശേഷം വിജയ ഗോളിനായി ശ്രമിച്ചു. 88ആം മിനുട്ടില്‍ ഒരു ഫ്രീകിക്കില്‍ നിന്ന് ബ്രൂണോ ഫെർണാണ്ടസ് ഹൊയ്ലുണ്ടിനെ കണ്ടെത്തി. ഹൊയ്ലുണ്ടിന്റെ ഇടം കാലബ് ഫിനിഷ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 6 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് എത്തി.