ഇരട്ടയാര്‍ ഡാമില്‍ കാണാതായ കുട്ടിക്കായി രണ്ടാം ദിവസവും തെരച്ചില്‍ തുടരുന്നു,ഡ്രോണ്‍ പരിശോധനയും

 ഇരട്ടയാർ ഡാമില്‍ കാണാതായ കുട്ടിക്കായി രണ്ടാം ദിവസം തെരച്ചില്‍ ആരംഭിച്ചു. നൈറ്റ് വിഷൻ ഡ്രോണും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.

കുട്ടികള്‍ കുളിക്കാൻ ഇറങ്ങിയ സ്ഥലത്ത് സ്കൂബ ടീം ബോട്ട് ഉപയോഗിച്ച്‌ പരിശോധിക്കും. തുടർന്ന് ഇരട്ടയാർ ടണല്‍ ഭാഗത്തേക്ക് ഡ്രോണ്‍ സംഘത്തെ ബോട്ടില്‍ എത്തിച്ച്‌ ഡ്രോണ്‍ ടണലിലേക്ക് പറത്താനാണ് പദ്ധതിയിടുന്നത്. അഞ്ചുകിലോമീറ്റർ ദൈർഘ്യമുള്ള ടണലാണ് ഇരട്ടയാറ്റില്‍ നിന്നും അഞ്ചുരുളിയിലേക്കുള്ളത്. ഇതിനുള്ളിലെ പരിശോധനയ്ക്കാണ് നൈറ്റ്‌ വിഷൻ ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. ഇരട്ടയാറില്‍ നിന്നും അഞ്ചുരുളിയില്‍ നിന്നും ഡ്രോണുകള്‍ പറത്തി പരിശോധന നടത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം .

കുളിക്കാൻ ഇറങ്ങിയ സ്ഥലത്ത് കുട്ടികളുടെ ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തി. കുളിക്കാൻ ഇറങ്ങിയ സ്ഥലത്ത് നിന്നും ഏകദേശം 300 മീറ്റർ ദൂരത്തിലാണ് ടണല്‍ ആരംഭിക്കുന്നത്. ഇന്നലെ രാവിലെ ഒമ്ബതു മണിയോടെ കളിക്കാനാണെന്ന് പറഞ്ഞാണ് കുട്ടികള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്.എന്നാല്‍ ഇവർ ഡാമിന്റെ ഭാഗത്തേക്ക് പോയി വെള്ളത്തില്‍ ഇറങ്ങുകയായിരുന്നു.

ഓണാവധി ആഘോഷിക്കാനാണ് ഇരട്ടയാർ ചേലക്കകവലയിലെ തറവാട് വീട്ടിലേക്ക് വളകോട് സ്വദേശി അസൗരേഷും, കായംകുളം സ്വദേശി അതുല്‍ ഹർഷും സഹോദരങ്ങളോടൊപ്പം എത്തിയത്. കുളിക്കാനിറങ്ങവെ കാല്‍വഴുതി രണ്ടുപേരും വെള്ളത്തില്‍ വീഴുകയായിരുന്നു എന്നാണ് കരുതുന്നത്.

ഇവർ ഒഴുക്കില്‍ പെട്ടത്തോടെ കൂടെ ഉണ്ടായിരുന്ന കുട്ടികള്‍ നിലവിളിച്ച്‌ ആളുകളെ കൂട്ടി. ഓടുകൂടിയ നാട്ടുകാർ ചേർന്ന് അതുല്‍ ഹർഷിനെ ടണലിന് സമീപത്തുനിന്ന് കരയ്ക്ക് എടുത്ത ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.അസൗരേഷിനെയാണ് കണ്ടെത്താനുളളത്. അതുല്‍ഹർഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave a Reply

Your email address will not be published. Required fields are marked *