ഇന്നലെ കൂക്കിവിളി, ഇന്ന് ആര്‍പ്പുവിളി’; വനംവകുപ്പ് ഉദ്യോഗസ്ഥർക്കും മന്ത്രിക്കും നന്ദി പറഞ്ഞ് നാട്ടുകാർതങ്ങളുടെ ആശങ്കയാണ് കഴിഞ്ഞ ദിവസം പ്രതിഷേധമായി മാറിയതെന്ന് നാട്ടുകാര്‍ പറഞ്ഞു

കല്‍പ്പറ്റ: വയനാട്ടില്‍ ഭീതി പരത്തിയ ആളെക്കൊല്ലി കടുവ ചത്തതില്‍ സന്തോഷമുണ്ടെന്ന് നാട്ടുകാര്‍. ആശ്വാസമുണ്ടെന്നും നാല് ദിവസമായി ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരോട് നന്ദിയുണ്ടെന്നും നാട്ടുകാര്‍ പ്രതികരിച്ചു. ആര്‍പ്പുവിളിയോടെയും അഭിവാദ്യത്തോടെയുമായിരുന്നു കടുവ ചത്ത വാര്‍ത്ത നാട്ടുകാര്‍ ഏറ്റെടുത്തത്.

വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ, വിവിധ രാഷ്ട്രീയ നേതാക്കള്‍, മാധ്യമങ്ങള്‍ തുടങ്ങി കൂടെനിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. കടുവ കൊലപ്പെടുത്തിയ രാധയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം മന്ത്രിയെത്തിയപ്പോള്‍ വലിയ രീതിയിലുള്ള പ്രതിഷേധം നാട്ടുകാര്‍ ഉയർത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ ആശങ്കയാണ് പ്രതിഷേധമായി മാറിയതെന്ന് അവര്‍ പ്രതികരിച്ചു.

‘ജനങ്ങൾക്ക് ഇനി സമാധാനമായി ഉറങ്ങാം, ഓപ്പറേഷൻ വയനാട് രണ്ടാം ഘട്ടം ഉടൻ’; എ കെ ശശീന്ദ്രൻ
അതേസമയം രാധയെ ആക്രമിച്ചുകൊന്ന കടുവയെ തന്നെയെന്ന് ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വനം വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കടുവയുടെ ശരീരത്തില്‍ മുറിവുകളുണ്ട്. പോസ്റ്റ് മോര്‍ട്ടം ചെയ്താല്‍ മാത്രമെ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ആഴത്തിലുള്ള മുറിവാണ് കടുവയ്ക്കുള്ളത്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവുണ്ടായതെന്നാണ് നിഗമനം.

വീടിന്റെ ഭാഗത്താണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നും ഈ പ്രദേശത്ത് നിന്നുതന്നെയാണോ മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടല്‍ ഉണ്ടായതെന്നതില്‍ വ്യക്തമല്ലെന്നും അരുണ്‍ സക്കറിയ പ്രതികരിച്ചു. കടുവയുടെ ശരീരത്തിലെ മുറിവിന് പഴക്കമുണ്ട്. അതിനാല്‍ മുറിവ് ഉണ്ടായ ശേഷം ഈ പ്രദേശത്തേക്ക് എത്തിയതെന്ന സംശയത്തിലാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമെ കടുവ ചത്തതിന്റെ കാരണം സ്ഥിരീകരിക്കാനാവൂ എന്നും അരുണ്‍ സക്കറിയ പറഞ്ഞു. ഏഴ് വയസ് വരെ തോന്നിക്കുന്ന കടുവയാണ് ചത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *