നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൂഡാലോചനയുള്ളതായി സംശയിച്ച് പോലിസ്.
കേസിലെ രണ്ടാം പ്രതിയായ അജാസ്, മരിച്ച ഇന്ദുജയുടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് തെളിവ് നശിപ്പിച്ചെന്നാണ് പോലിസ് സംശയിക്കുന്നത്.
വെള്ളിയാഴ്ച്ചയാണ് പെരിങ്ങമ്മല ഇടിഞ്ഞാര്‍ കൊന്നമൂട് ആദിവാസി നഗറില്‍ ശശിധരന് കാണി-ഷീജ ദമ്ബതികളുടെ മകള്‍ ഇന്ദുജ (25)യെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഭര്‍ത്താവ് അഭിജിത്തിനെയും സുഹൃത്ത് അജാസിനെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ദുജയുടെ ഫോണിന്റെ പാസ്വേര്ഡ് ഉള്‍പ്പെടെ അജാസിന് അറിയാമായിരുന്നുവെന്ന് പോലിസ് പറയുന്നു. മരിക്കുന്നതിന് മുമ്ബ് ഇന്ദുജ അവസാനം വിളിച്ചത് അജാസിനെയായിരുന്നു. അതിനാല്‍, അജാസിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് പോലിസ് നീക്കം.
അഭിജിത്താണ് കേസിലെ ഒന്നാം പ്രതി. ശംഖുമുഖത്തു വെച്ച് അജാസ് ഇന്ദുജയെ മര്‍ദിച്ചെന്ന് അഭിജിത്ത് പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു. അഭിജിത്തും അജാസും നടത്തിയ മാനസിക പീഡനവും മര്‍ദ്ദനവുമാണ് ഇന്ദുജയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് കണ്ടെത്തല്‍.