ഇന്ത്യ ലോകത്തിന് സംഭാവന ചെയ്തത് സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ബുദ്ധനെയാണെന്നും യുദ്ധമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ആയിരക്കണക്കിന് വർഷങ്ങളായി, ഞങ്ങള്‍ ലോകത്തിന് ഞങ്ങളുടെ അറിവും വൈദഗ്ധ്യവും പങ്കിടുന്നു. ഞങ്ങള്‍ ലോകത്തിന് നല്‍കിയത് യുദ്ധമല്ല, ബുദ്ധനെയാണ്. ഇന്ത്യ എപ്പോഴും സമാധാനവും സമൃദ്ധിയും നല്‍കി. 21-ാം നൂറ്റാണ്ടില്‍ ഇന്ത്യ തങ്ങളുടെ പങ്ക് ശക്തിപ്പെടുത്താൻ പോകുന്നുവെന്നും മോദി പറഞ്ഞു.രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഓസ്ട്രിയയില്‍ എത്തിയ മോദി വിയന്നയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. 41 വര്ഷത്തിനിടെ ഓസ്ട്രിയ സന്ദര്ശിക്കുന്ന ആദ്യ ഇന്ത്യന് പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇന്ത്യയും ഓസ്ട്രിയയും നയതന്ത്ര ബന്ധത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്ന വേളയിലാണ് മോദിയുടെ സന്ദർശനം.ഇന്ത്യയും ഓസ്ട്രിയയും തങ്ങളുടെ സൗഹൃദത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. ഭൂമിശാസ്ത്രപരമായി, ഇന്ത്യയും ഓസ്ട്രിയയും രണ്ട് വ്യത്യസ്ത അറ്റങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ ഒരുപാട് സമാനതകളുണ്ട്. ജനാധിപത്യം രണ്ട് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, ബഹുസ്വരത, നിയമവാഴ്ചയോടുള്ള ബഹുമാനം എന്നിവ നമ്മുടെ മൂല്യങ്ങളാണ്. ഇരു രാജ്യങ്ങള്‍ക്കും വൈവിധ്യങ്ങള്‍ ആഘോഷിക്കുന്ന സ്വഭാവമുണ്ടെന്നും മോദി വ്യക്തമാക്കി.ഇന്ത്യ ഒരു വികസിത രാഷ്ട്രമായി 2047 ല്‍ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കും. ഇന്ന് ഇന്ത്യ 8% വളർച്ചയിലാണ്. നിലവില്‍ ഞങ്ങള്‍ അഞ്ചാം സ്ഥാനത്താണ്, താമസിയാതെ ഞങ്ങള്‍ ആദ്യ 3-ല്‍ എത്തും. ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്ബദ്വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യയെ മാറ്റുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് താൻ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു.