ഇന്ത്യയുടെയും ചൈനയുടെയും സൈനികപിന്മാറ്റം പൂര്‍ത്തിയായി ; ഇരുരാജ്യങ്ങളും പരിശോധിച്ച്‌ ഉറപ്പാക്കും

ലഡാക്ക്: നിയന്ത്രണരേഖയിലെ സംഘർഷ ഭൂമിയില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികപിന്മാറ്റം പൂർത്തിയായി. കിഴക്കൻ ലഡാക്കില്‍ പരസ്പരം ഏറ്റുമുട്ടിയ സ്ഥലങ്ങളില്‍ ഇരുകൂട്ടരും താല്‍ക്കാലികമായൊരുക്കിയ തമ്ബുകളും നീക്കംചെയ്തു.

പിന്മാറ്റം ഇരുരാജ്യങ്ങളും പരിശോധിച്ച്‌ ഉറപ്പാക്കും.

ഇരു രാജ്യങ്ങളുടെയും ചര്‍ച്ചയുടെയും ധാരണകളുടേയും അടിസ്ഥാനത്തില്‍ ഡെംചോക്, ഡെപ്സാങ് മേഖലകളില്‍ നിന്നാണ് ഇരു രാജ്യങ്ങളുടെയും പിന്മാറ്റം പൂർത്തിയാക്കിയത്. മേഖലയില്‍ സൈനിക പട്രോളിങ് വൈകാതെ ആരംഭിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളുടേയും സേനാ പിന്മാറ്റ തീരുമാനത്തെ യു.എസ് സ്വാഗതം ചെയ്തു.

ഷീ ജിൻപിംഗും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുണ്ടായ കൂടിക്കാഴ്ചയില്‍ രണ്ട് രാജ്യങ്ങളും സുപ്രധാനമായ ധാരണകളില്‍ എത്തിയതായി കൊല്‍ക്കത്തയില്‍ ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്ഹോങ് പറഞ്ഞു. മേഖലയിലെ സേനാ പിന്മാറ്റവുമായി ബന്ധപ്പെട്ട് പരിശോധന പുരോഗമിക്കുകയാണെന്നും പട്രോളിംഗ് രീതികള്‍ ഗ്രൗണ്ട് കമാൻഡർമാർ തീരുമാനിക്കുമെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഭാവിയില്‍ ഇരു രാജ്യങ്ങളുടേയും ബന്ധം സുഗമമായി മുന്നോട്ട് പോകുമെന്നാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്. രണ്ട് അയല്‍രാജ്യങ്ങള്‍ എന്ന നിലയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അവ എങ്ങനെ കൈകാര്യം ചെയ്യണം, പരിഹരിക്കണം എന്നതാണ് ഏറ്റവും പ്രധാനമെന്നും ചൈനീസ് അംബാസഡർ സൂ ഫെയ്ഹോങ് പറഞ്ഞു.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഈ വിഷയത്തില്‍ ഇന്ത്യയുമായി ചർച്ച നടത്തുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ദീപാവലി പ്രമാണിച്ച്‌ ചൈനീസ് സൈന്യവുമായി മധുരം കൈമാറുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *