ഇന്ത്യയിൽ സ്വർണം സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. വിവാഹങ്ങൾ പോലുള്ള സുപ്രധാനമായ വിശേഷ അവസരങ്ങളിലെല്ലാം സ്വർണം ഒഴിച്ചുകൂടാനാകത്ത ഒന്നാണ്. സ്ത്രീകളാണ് പൊതുവെ സ്വർണം കൂടുതലായി ഉപയോഗിക്കുന്നവർ. പൊന്നിന്റെ ഒരു ആഭരണമെങ്കിലും ഇല്ലാത്ത സ്ത്രീകൾ കുറവായിരിക്കും. ഇത്തരത്തിൽ സ്വർണ ഉപയോഗം കടുതലായത് കൊണ്ട് കൂടിയാണ് സ്വർണ്ണത്തിൻ്റെ ഉടമസ്ഥതയിൽ, പ്രത്യേകിച്ച് ഗാർഹിക സ്വർണ്ണത്തിന്റെ ഉടമസ്ഥതയിൽ ഇന്ത്യ ആഗോള നേതാവായത്.
സ്ത്രീകൾക്ക് സ്വർണത്തോട് എന്നും ഭ്രമമാണെന്ന് പറയുമ്പോഴും ഇന്നാട്ടിലെ സ്ത്രീകളുടെ കൈയ്യിൽ ആകെ എത്ര സ്വർണം ഉണ്ടാകുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സ്ത്രീകളുടെ കൈയ്യിൽ ഏകദേശം 24,000 ടൺ സ്വർണ്ണം ഉണ്ടത്രേ. അതായത് ആഭരണത്തിന്റെ രൂപത്തിൽ ലോകത്തിലെ മൊത്തം സ്വർണ്ണ ശേഖരത്തിൻ്റെ 11 ശതമാനം. യുഎസ് അടക്കമുള്ള അഞ്ച് രാജ്യങ്ങളുടെ ആകെയുള്ള സ്വർണശേഖരത്തിനെക്കാൾ കൂടുതലാണിത്.
റിപ്പോർട്ട് പ്രകാരം യുഎസിന്റെ കൈയ്യിലുള്ള ആകെ സ്വർണശേഖരം 8,000 ടൺ ആണ്. ജർമനിയുടെ കൈവശം 3,300 ടൺ, ഇറ്റലി-2450 , ഫ്രാൻസ് -2400, റഷ്യ-1900 എന്നിങ്ങനെയാണ് കണക്ക്. അതായത് ഈ അഞ്ച് രാജ്യങ്ങളുടെ സ്വർണശേഖരം ആകെ കൂട്ടിയാലും ഇന്ത്യൻ സ്ത്രീകളുടെ കൈകളിൽ ഉള്ളതിന്റെ അടുത്ത് പോലും എത്താൻ സാധിക്കില്ല.
ഓക്സ്ഫോർഡ് ഗോൾഡ് ഗ്രൂപ്പിൻ്റെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ 11 ശതമാനം സ്വർണവും ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമാണ്. യുഎസ്എ, ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്), സ്വിറ്റ്സർലൻഡ്, ജർമ്മനി എന്നിവിടങ്ങളിലെ കരുതൽ ശേഖരത്തിനെക്കാൾ കൂടുതലാണിത്.
യുഎസിലാണ് ഏറ്റവും കൂടുതൽ സ്വർണശേഖരം ഉള്ളത്, 8133.5 ടൺ. രാജ്യത്തിൻ്റെ മൊത്തം വിദേശ കരുതൽ ശേഖരത്തിൻ്റെ 75% ആണിത്. രണ്ടാം സ്ഥാനത്ത് ജർമ്മനിയാണ്, 3,359 ടൺ. അടുത്തിടെ ജർമ്മനിയിൽ സ്വർണത്തിലുള്ള നിക്ഷേപം വലിയ രീതിയിൽ വർധിച്ചിരുന്നു.ആഗോളതലത്തിൽ സ്വർണം വാങ്ങുന്നതിൽ ജർമ്മനി മുന്നിലാണ്. മൂന്നാം സ്ഥാനത്ത് ഇറ്റലിയാണ്, 2451 ടൺ.
ഉത്തരേന്ത്യക്കാർക്കല്ല, പ്രിയം ദക്ഷിണന്ത്യക്കാർക്ക്
ദക്ഷിണേന്ത്യയിലെ സ്ത്രീകളുടെ കൈവശമാണ് ഏറ്റവും കൂടുതൽ സ്വർണമുള്ളത്. രാജ്യത്തെ മൊത്തം സ്വർണത്തിന്റെ 40 ശതമാനവും ദക്ഷിണേന്ത്യക്കാരുടെ കൈകളിലാണ്. അതിൽ തന്നെ തമിഴ്നാട്ടുകാരുടെ കൈയ്യിൽ മാത്രം 28 ശതമാനം ഉണ്ട്.
സ്വർണ വില വർധിക്കുന്നതൊന്നും ഇന്ത്യക്കാരുടെ സ്വർണത്തോടുള്ള താത്പര്യത്തിന് ഒരിടിവും വരുത്തിയിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്. 2020 നും 21 നും ഇടയിൽ ഇന്ത്യൻ കുടുംബങ്ങളുടെ കൈയ്യിൽ 21,000-23,000 ടൺ സ്വർണമാണ് ഉണ്ടായിരുന്നതെന്ന് പറയുകയാണ് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യൻ ഡയറക്ടർ സോമസുന്ദരം. 2023 ൽ ഇത് 24,000-25,000 ടൺ ആയത്രേ. ഇന്ത്യയുടെ മൊത്തം ജിഡിപിയുടെ 40 ശതമാനമാണിത്.
എത്ര സ്വർണം കൈയ്യിൽ കരുതാം
ആദായ നികുതി നിയമപ്രകാരം സ്ത്രീകൾക്ക് 500 ഗ്രാം സ്വർണമാണ് കൈയ്യിൽ കരുതാൻ സാധിക്കുക. അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാമും. പുരുഷൻമാർക്ക് 100 ഗ്രാം വരെ.