അട്ടിമറികളേറെ കണ്ട യൂറോകപ്പില്‍ ജൂണ്‍ 14ലെ കിരീടപ്പോരിലേക്ക് അങ്കം കനപ്പിച്ച് നാല് വമ്ബന്മാർ. നിലവിലെ ചാമ്ബ്യന്മാരടക്കം മടങ്ങിയ ജർമൻ കളിമുറ്റങ്ങളില്‍ അവസാന ചിരിക്ക് രണ്ട് ചുവട് അരികെ നില്‍ക്കുന്നത് സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, നെതർലൻഡ്സ് ടീമുകള്‍.
സ്പെയിൻ നാലാം കിരീടമാണ് തേടുന്നതെങ്കില്‍ സമീപകാലത്തെ രണ്ട് റണ്ണറപ്പുകളാണ് ഇംഗ്ലണ്ടും ഫ്രാൻസും. 1988ലാണ് ഡച്ചുപട കിരീടം ചൂടിയിരുന്നത്. ഏറ്റവും മികച്ച നാലു ടീമുകള്‍ അവസാന പോരാട്ടങ്ങളില്‍ അണിനിരക്കുമ്ബോള്‍ കാഴ്ച ആവേശഭരിതമാകും. സ്പെയിനിന് ഫ്രാൻസും ഇംഗ്ലണ്ടിന് നെതർലൻഡ്സുമാണ് എതിരാളികള്‍.
സ്പെയിൻ
ഗ്രൂപ് ഘട്ടം
3-0 vs ക്രൊയേഷ്യ
1-0 vs ഇറ്റലി
1-0 vs അല്‍ബേനിയ
പ്രീക്വാർട്ടർ
4-1 vs ജോർജിയ
സെമിഫൈനല്‍
2-1 vs ജർമനി
ഓരോ നിമിഷവും അഴകിന്റെ സപ്തവർണങ്ങള്‍ വിരിഞ്ഞ ജർമനിക്കെതിരായ കളി ജയിച്ചാണ് ചാമ്ബ്യൻപട്ടത്തിന് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന സ്പെയിൻ അവസാന നാലിലെത്തുന്നത്. ഗ്രൂപ് ഘട്ടം മുതല്‍ അസാമാന്യ ഫോമില്‍ പന്തുതട്ടുന്നവർ ഗ്രൂപ് ഘട്ടത്തിലെ മൂന്നെണ്ണമടക്കം കളിച്ച അഞ്ചിലും ജയിച്ചാണ് വരവ്. 11 വട്ടം എതിർവല കുലുക്കിയ ടീം രണ്ടെണ്ണം മാത്രമാണ് വഴങ്ങിയത്. യൂറോയില്‍ കളിച്ചും അസിസ്റ്റ് നല്‍കിയും ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിനുടമയായ ലമീൻ യമാല്‍, വിങ്ങില്‍ അപകടകാരിയായ നിക്കൊ വില്യംസ്, മിഡ്ഫീല്‍ഡ് ജനറല്‍ റോഡ്രി എന്നിവരടക്കം ഓരോ പൊസിഷനിലും യുവരക്തങ്ങളാണ് ടീമിന്റെ പോരാട്ടം നയിക്കുന്നത്. ജർമനിയില്‍ ടീമിന് കപ്പുയർത്താനായാല്‍ നാലു തവണ യൂറോ ചാമ്ബ്യൻപട്ടം മാറോടുചേർക്കുന്ന ആദ്യ ടീമാകും. സ്പാനിഷ് അണ്ടർ 19, അണ്ടർ 21 ദേശീയ ടീമുകളെ മുമ്ബ് കിരീടത്തിലേക്ക് നയിച്ച പാരമ്ബര്യമുള്ള ലൂയി ഡി ലാ ഫുവന്റെയാണ് കോച്ച്. എന്നാല്‍, കഴിഞ്ഞ കളിയില്‍ ജർമനിയുടെ ടോണി ക്രൂസ് ചവിട്ടി താഴെയിട്ട പെഡ്രി പരിക്കേറ്റും കർവാഹല്‍, നോർമൻഡ് എന്നിവർ രണ്ടു കാർഡുകള്‍ ലഭിച്ചും പുറത്തിരിക്കുന്നത് വരും കളിയില്‍ ടീമിന് ആധിയാകും.
ഫ്രാൻസ്
ഗ്രൂപ് ഘട്ടം
1-0 vs ഓസ്ട്രിയ
0-0 vs നെതർലൻഡ്സ്
1-1 vs പോളണ്ട്
പ്രീക്വാർട്ടർ
1-0 vs ബെല്‍ജിയം
ക്വാർട്ടർ ഫൈനല്‍
5-3 പെനാല്‍റ്റി ഷൂട്ടൗട്ട് vs പോർച്ചുഗല്‍
റോ കപ്പ് ഗ്രൂപ് ചാമ്ബ്യന്മാരാകാതെ നോക്കൗട്ടിലെത്തുകയെന്ന നാണക്കേടുമായാണ് ഫ്രാൻസ് ഇത്തവണ വലിയ കളികള്‍ക്കെത്തുന്നത്. നെതർലൻഡ്സ്, പോളണ്ട്, ഓസ്ട്രിയ എന്നിവരടങ്ങിയ മരണഗ്രൂപ്പിലായിരുന്നെങ്കിലും പെനാല്‍റ്റിയിലൂടെയല്ലാതെ സ്വന്തമായി ഗോള്‍ കണ്ടെത്തുന്നതിലും ടീം പരാജയപ്പെട്ടു. എന്നാലും ഇതുവരെയും തോല്‍വി അറിയാതെയാണ് ടീമിന്റെ കുതിപ്പ്. ലോക മൂന്നാം നമ്ബർ ടീമായ ബെല്‍ജിയം എതിരെ വന്നപ്പോള്‍ എതിർവലയില്‍ വീണ സെല്‍ഫ് ഗോളാണ് രക്ഷയായത്. ക്രിസ്റ്റ്യാനോ ഒരിക്കലൂടെ എതിരെവന്ന ക്വാർട്ടറില്‍ 120 മിനിറ്റും കളിച്ചിട്ടും ജയിക്കാനാകാതെ ഷൂട്ടൗട്ട് വിധി തീരുമാനിക്കുകയായിരുന്നു. ലോകത്തെ പരിശീലകരില്‍ മുൻനിരയിലുള്ള ദിദിയർ ദെഷാംപ്സ് ആണ് ടീമിന്റെ പരിശീലകൻ. 2016ല്‍ അദ്ദേഹത്തിനു കീഴില്‍ കിരീടത്തിനരികില്‍ എത്തിയ ടീം റണ്ണേഴ്സ് അപ്പായി. മുന്നില്‍ എംബാപ്പെയും 21കാരനായ ബ്രാഡ്‍ലി ബാർകോളയുമടങ്ങുന്ന നിര കൂടുതല്‍ അപകടകാരികളായി വരുന്നത് വരുംകളികളില്‍ ടീമിന് വലിയ സ്വപ്നങ്ങളുടെ സാക്ഷാത്കാരം എളുപ്പമാക്കും.
ഇംഗ്ലണ്ട്
ഗ്രൂപ് ഘട്ടം
1-0 vs സെർബിയ
1-1 vs ഡെന്മാർക്ക്
0-0 vs സ്ലൊവേനിയ
പ്രീക്വാർട്ടർ
2-1 vs സ്ലൊവാക്യ
ക്വാർട്ടർ ഫൈനല്‍
5-3 പെനാല്‍റ്റി ഷൂട്ടൗട്ട് vs സ്വിറ്റ്സർലൻഡ്
ഇനിയും ശരിയായ ഫോം കണ്ടെത്തിയെന്ന് ഉറപ്പുകിട്ടാത്ത ഇംഗ്ലീഷ് സംഘത്തിനു മുന്നില്‍ വരും കളികള്‍ കൂടുതല്‍ കടുപ്പമേറിയതാകുമെന്ന് തീർച്ച. വലിയ ജയങ്ങള്‍ പിടിക്കാൻ മറന്നുപോയവർ പക്ഷേ, ഈ യൂറോയില്‍ അപരാജിതരാണ്. ജൂഡ് ബെല്ലിങ്ഹാം, ഹാരി കെയിൻ, ഫില്‍ ഫോഡൻ എന്നിവരടങ്ങിയ മുൻനിര ശരിക്കും താളംകണ്ടെത്തിയാല്‍ ഏതു ടീമിനു മുന്നിലും ജയിച്ചുകയറുക ടീമിന് എളുപ്പം. സ്ലൊവാക്യക്കെതിരായ പ്രീക്വാർട്ടറില്‍ അവസാന വിസിലിന് തൊട്ടുമുമ്ബ് ബെല്ലിങ്ഹാം ബൈസിക്കിള്‍ കിക്കില്‍ നേടിയ ഗോള്‍ ടൂർണമെന്റിലെ ഏറ്റവും മികച്ചവയിലൊന്നാണ്. തൊട്ടുപിറകെ ഹാരി കെയിൻ തലവെച്ചും ടീമിനെ കരകടത്തുകയായിരുന്നു. സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടറിലും ആദ്യം ഗോള്‍വഴങ്ങിയവർക്കായി ബുക്കായോ സാക സമനില പിടിക്കുകയും ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അവസാന നാലിലെത്തുകയുമായിരുന്നു. ഷൂട്ടൗട്ടില്‍ ടീം അടിച്ച അഞ്ചു ഷോട്ടും അനായാസം വലയിലെത്തി. ഒരു ജയം കൂടി നേടിയാല്‍ തുടർച്ചയായ രണ്ടാം യൂറോ ഫൈനലാകും ടീമിന്. ജർമൻ മൈതാനങ്ങളില്‍ ഇത്തവണ രണ്ടുവട്ടം വല കുലുക്കിയ വെറ്ററൻ നായകൻ ഹാരി കെയിൻ തന്നെയാണ് തുടർ മത്സരങ്ങളിലും ടീമിന്റെ ഒന്നാം പ്രതീക്ഷ. എന്നാല്‍, ഒരിക്കല്‍ യൂറോ ഫൈനലും ലോകകപ്പ് ക്വാർട്ടറും കളിച്ച ടീമിനെ സമീപകാലത്തൊന്നും കിരീടത്തിലെത്തിക്കാനായില്ലെന്ന പേരുദോഷം മാറ്റാൻ കോച്ച് ഗാരെത് സൗത്ഗേറ്റിന്റെ കാത്തിരിപ്പ് നീളുമോയെന്നാണ് ഉറ്റുനോക്കാനുള്ളത്.
നെതർലൻഡ്സ്
ഗ്രൂപ് ഘട്ടം
2-1 vs പോളണ്ട്
0-0 vs ഫ്രാൻസ്
2-3 vs ഓസ്ട്രിയ
പ്രീക്വാർട്ടർ
3-0 vs റുമാനിയ
ക്വാർട്ടർ ഫൈനല്‍
2-1 vs തുർക്കിയ
സെമിയിലെത്തിയ നെതർലൻഡ്സ് താരങ്ങളുടെ ആഹ്ലാദം
തുടക്കം പതറിയെങ്കിലും പാതിവഴിയിലെത്തിയപ്പോള്‍ താളം കണ്ടെത്തുകയും കിരീട സാധ്യതകളിലേക്ക് തിരിച്ചെത്തുകയും ചെയ്തതാണ് ഡച്ച് വീര്യം. പോളണ്ടിനെ വീഴ്ത്തിയായിരുന്നു തുടക്കം. ഫ്രാൻസിനെ പിടിച്ചുകെട്ടിയവർ ഓസ്‍ട്രിയക്കു മുന്നില്‍ വീണു. ഗ്രൂപ്പില്‍ മൂന്നാമന്മാരായി പോയിട്ടും കണക്കുകളുടെ ബലത്തില്‍ നോക്കൗട്ടില്‍. പക്ഷേ, റുമാനിയക്കെതിരായ പ്രീക്വാർട്ടറില്‍ സമാനതകളില്ലാത്ത കളിയഴകുമായി മൈതാനം ഭരിച്ച ടീം കാല്‍ഡസൻ ഗോളുകള്‍ അടിച്ചുകയറ്റി. തുർക്കിക്കെതിരായ ക്വാർട്ടർ പക്ഷേ, ഇരു ടീമും തുല്യ മികവില്‍ പന്തുതട്ടുകയും അവസരങ്ങള്‍ തുറന്നെടുക്കുകയും ചെയ്തതായിരുന്നു.
70 മിനിറ്റു നേരം എതിരാളികളെ വിറപ്പിച്ചുനിർത്തുകയും ലീഡ് പിടിക്കുകയും ചെയ്തതിനൊടുവില്‍ തുടരെ വഴങ്ങിയ രണ്ട് ഗോളുകള്‍ക്കായിരുന്നു തുർക്കിയ കീഴടങ്ങിയത്. തുടർച്ചയായി കോർണറുകള്‍ വഴങ്ങി അപായമുഖത്തായ നെതർലൻഡ്സിനെ ഞെട്ടിച്ച് അകെയ്ദിൻ നേടിയ ഹെഡർ ഗോളില്‍ ആദ്യം മുന്നിലെത്തിയത് തുർക്കിയ. പക്ഷേ, സമാന ഹെഡറില്‍ ഡി വ്രിജ് ഡച്ചുകാരെ ഒപ്പമെത്തിച്ചു. ആറു മിനിറ്റിനകം സെല്‍ഫ് ഗോളിലൂടെ ഡച്ചുകാർ വിജയം പിടിക്കുകയും ചെയ്തു.