റോഡപകടങ്ങളിൽ പരിക്കേറ്റ് കിടക്കുന്നവർക്ക് അതിവേഗ ചികിത്സ ഉറപ്പാക്കാൻ പുതിയ പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവർക്ക് സമ്മാനത്തുകയായി 25,000 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. നേരത്തെ ഇത് 5,000 രൂപയായിരുന്നു.
അപകടം സംഭവിച്ച ആദ്യ മണിക്കൂറിൽ (Golden Hour) പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞാൽ ജീവൻ രക്ഷിക്കാൻ കഴിയുന്നതിനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിയിലെത്തിക്കുന്നവർക്ക് സമ്മാനത്തുക വർദ്ധിപ്പിച്ചതെന്നും നാഗ്പൂരിൽ നടന്ന പരിപാടിയിൽ നിതിൻ ഗഡ്കരി അറിയിച്ചു.
പരിക്കേറ്റവർക്ക് ആദ്യ ഏഴു ദിവസം ആവശ്യമായി വരുന്ന ആശുപത്രി ചെലവുകൾ കേന്ദ്രസർക്കാർ വഹിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ഒന്നരലക്ഷം രൂപ വരെ ക്യാഷ്ലെസ് ട്രീറ്റ്മെന്റ് ലഭ്യമാകും. ഇതുകൂടാതെയാണ് ആശുപത്രിയിലെത്തിക്കുന്നവർക്കും റിവാർഡ് നൽകുന്നത്. ദേശീയപാതകളിൽ വച്ച് പരിക്കേൽക്കുന്നവർക്ക് മാത്രമല്ല, സംസ്ഥാന പാതകളിൽ സഞ്ചരിക്കുന്നതിനിടെ അപകടം സംഭവിക്കുന്നവർക്കും പദ്ധതി പ്രകാരം സഹായം ലഭിക്കുമെന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി.
പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് റിവാർഡ് നൽകുന്ന പദ്ധതി 2021 ഒക്ടോബറിലാണ് ആരംഭിച്ചത്. വാഹനമിടിച്ച ആദ്യ മണിക്കൂറിൽ തന്നെ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുന്നവർക്കാണ് റിവാർഡ് ലഭിക്കുക.