‘ക്ഷമ വേണം, ജയിച്ചുവരാൻ സമയമെടുക്കും…’ ഇതാണ് ആരാധകരോടുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ലൈൻ എന്ന് തോന്നിപ്പോകും ടീമിന്റെ ചില നേരങ്ങളിലെ പ്രകടനം കണ്ടാല്‍.
ആരാധകരുടെ ക്ഷമ നശിക്കുന്ന സന്ദർഭങ്ങളില്‍ ഒരു ജയം സമ്മാനിക്കും, പിന്നെ വീണ്ടും തോല്‍വിയിലേക്ക്.
ഒടുവില്‍ നവംബർ 28ന് ഗോവ എഫ്.സിയുമായി നടന്ന ഹോം മാച്ചിലും അടപടലം പൊട്ടി. തോല്‍വി ആവർത്തിക്കാതിരിക്കാൻ, ബംഗളൂരു എഫ്.സിയെ അവരുടെ തട്ടകത്തില്പോയി ഏറ്റുമുട്ടി വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശനിയാഴ്ച ഇറങ്ങുകയാണ്.
ഈ സീസണില്‍ ബംഗളൂരുവുമായുള്ള രണ്ടാമത്തെ മത്സരത്തിനാണ് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയം ശനിയാഴ്ച വൈകീട്ട് 7.30ന് സാക്ഷ്യം വഹിക്കുക. ഐ.എസ്.എല്ലിലെ കരുത്തരായ ബംഗളൂരു എഫ്.സിക്കെതിരെ ഒക്ടോബർ 25ന് സ്വന്തം തട്ടകത്തില്‍ പോരാടിയപ്പോള്‍ ഒന്നിനെതിരെ മൂന്നു ഗോളിന് ദയനീയ പരാജയമായിരുന്നു മഞ്ഞപ്പട നേരിട്ടത്.
സ്വന്തം തട്ടകത്തില്‍പോലും വേണ്ടത്ര മികവ് കാണിക്കാത്ത ടീം എതിരാളികള്‍ക്ക് ഗാലറി സപ്പോർട്ടുള്പ്പെടെ എല്ലാ തരത്തിലും മുൻതൂക്കമുള്ള ബംഗളൂരുവില്പോയി അവരെ മലർത്തിയടിക്കുമോ എന്നാണ് ബ്ലാസ്റ്റേഴ്സ് പ്രേമികള്‍ നോക്കുന്നത്. ഇത്തവണത്തെ റാങ്ക് പട്ടികയില്‍ 20 പോയൻറുമായി രണ്ടാമതാണ് ബംഗളൂരു ടീമുള്ളത്.
10 കളികളില്‍ ആറെണ്ണം ജയിച്ച ടീം രണ്ടെണ്ണത്തില്‍ തോല്‍വി വഴങ്ങിയപ്പോള്‍ രണ്ടെണ്ണം സമനില പിടിച്ചു. എന്നാല്‍, റാങ്ക് പട്ടികയില്‍ 11 പോയന്റോടെ പത്താം സ്ഥാനമേ കേരള ബ്ലാസ്റ്റേഴ്സിനുള്ളൂ. 10 കളിയില്‍ ജയം മൂന്നുമാത്രം. അഞ്ച് കളിയില്‍ കാലിടറി വീണു, മൂന്ന് സമനില ആശ്വാസവും.
ബംഗളൂരുവുമായുള്ള ശനിയാഴ്ചത്തെ മത്സരഫലം ടീമിന്റെ മുന്നോട്ടുപോക്കിന് നിർണായകമായതിനാല് ആഞ്ഞുകളിക്കാനാണ് ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. ഗോവ എഫ്.സിയുമായി നവംബർ 28ന് കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മികച്ച പ്രതിരോധം കാഴ്ചവെച്ചിരുന്നെങ്കിലും ഒരു ഗോളിന് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു ടീം. എന്നാല്‍, ഈ ലൈനപ് മാറാനിടയില്ലെന്നാണ് പരിശീലക നേതൃത്വം നല്കുന്ന പരോക്ഷ സൂചന.
നിരാശയില്ല, മുന്നോട്ടുനീങ്ങണം -സ്റ്റാറേ
ഗോവ എഫ്.സിയുമായുള്ള ഹോം മാച്ചിലെ പരാജയത്തില്‍ വീഴ്ച സമ്മതിച്ച് ബ്ലാസ്റ്റേഴ്സ് കോച്ച് മൈക്കല്‍ സ്റ്റാറേ. തോല്‍വിയില്‍ നിരാശരാവാതെ ഇനിയുള്ള കളികളില്‍ കൂടുതല്‍ ഫോക്കസ് നല്കി മുന്നേറുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പങ്കുവെക്കുന്നു. പ്രതിരോധം കുറേക്കൂടി ശക്തമാവണം.
ഗോള്‍കീപ്പർമാരും ടീമിന്റെ ഭാഗമാണ്. അവർക്കും തെറ്റു സംഭവിക്കാം. എന്നാല്‍, ഇനിയുള്ള കളികളില്‍ ആ തെറ്റു തിരുത്തിയാണ് മുന്നോട്ടുപോവുകയെന്ന് ബംഗളൂരുവിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തില്‍ മൈക്കല്‍ സ്റ്റാറേ വ്യക്തമാക്കി.
നമുക്കൊരു ക്ലിയർ ഗെയിം പ്ലാനുണ്ട്. ഓരോ ലൈനപ്പിനു പിന്നിലും ഒരു കഥയുണ്ടാവും. അത് ചിലപ്പോള്‍, മുൻ കളിയിലെ ജയപരാജയമാവാം, പരിക്കുകളാവാം, അല്ലെങ്കില്‍ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാവാം. ഓരോ കളിയിലും നല്ലൊരു ലൈനപ് ഉണ്ടാവുകയെന്നതും കളിയുടെ അവസാനം വരെ മികച്ച ലൈനപ് തുടരുകയെന്നതും പ്രധാനമാണ്.
നിലവില്‍ ആർക്കും കാര്യമായ പരിക്കുകളില്ലെന്ന് അറിയിച്ച കോച്ച് ബംഗളൂരുവിനെതിരായ ലൈനപ്പില്‍ മാറ്റമുണ്ടാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. തന്റെ മികച്ച സീസണിലൂടെയാണ് മുന്നേറിക്കൊണ്ടിരിക്കുന്നതെന്ന് സ്റ്റാർ സ്ട്രൈക്കർ നോഹ് സദൗയി പറഞ്ഞു.
മികച്ച ടീമും കോച്ചിങ് സ്റ്റാഫുമാണുള്ളത്. ചിലപ്പോള്‍, നന്നായി കളിച്ചാലും നല്ല സമയമല്ലെങ്കില്‍ നമ്മള് തോറ്റുപോയേക്കാം. വ്യക്തിഗതമായ പിഴവുകള്‍ക്ക് വലിയ വിലകൊടുക്കേണ്ടിവരുകയാണ്. ആത്യന്തികമായി എല്ലാ കളിക്കാരും മനുഷ്യരാണ്. കഴിഞ്ഞതുകഴിഞ്ഞ് കൂടുതല്‍ മികവോടെ മുന്നേറാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.