ഇസ്രായേലുമായി നേരിട്ടുള്ള യുദ്ധത്തിന്റെ നാളുകളായിരിക്കും ഇനിയെന്ന് യെമനിലെ ഹൂതികള്‍. ദീർഘകാല യുദ്ധത്തിന് സജ്ജമാണെന്നും ഹുദൈദ ആക്രമണത്തിന് കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും അത് വൈകില്ലെന്നും ഹൂതികളുടെ മുന്നറിയിപ്പ്.
ശനിയാഴ്ച ഇസ്രായല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേർ കൊല്ലപ്പെടുകയും മൂന്നു പേരെ കാണാതാവുകയും 83 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഹൂതികളുടെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടായാല്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭ യോഗം വിലയിരുത്തി. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ഹൂതികളുടെ സൈനികശേഷി ദുർബലപ്പെടുത്താനുള്ള നീക്കവും ഇസ്രായേല്‍ ആലോചിക്കുന്നുണ്ട്.
ഇന്നലെ യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തി. അതേസമയം, ഇസ്രായേല്‍, യെമൻ സംഘർഷത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തി. യുദ്ധം വ്യാപിക്കുന്ന സാഹചര്യം ചെറുക്കണമെന്ന് യു.എൻ ആവശ്യപ്പെട്ടു. അതിനിടെ, വെടിനിർത്തല്‍ ചർച്ചയുമായി മുന്നോട്ടു പോകാൻ ഇസ്രായേല്‍ നേതൃത്വം തീരുമാനിച്ചു. നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ ചേർന്ന ആറു മണിക്കൂറോളം നീണ്ട ചർച്ചയില്‍ സംഘത്തെ ദോഹയിലേക്ക് അയക്കാൻ ധാരണയായി.
കടുത്ത നിലപാടില്‍ നിന്ന് പിൻവാങ്ങിയ നെതന്യാഹുവിന് പ്രതിരോധ മന്ത്രി യോവ് ഗാലൻറ് നന്ദി പറഞ്ഞതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സുപ്രധാന ചർച്ചകള്‍ക്കായി നെതന്യാഹു അമേരിക്കയിലേക്ക് പുറപ്പെട്ടു. വെടിനിർത്തല്‍ കരാറില്‍ ഒപ്പുവെക്കാതെ യു.എസിലേക്ക് തിരിക്കുന്ന നെതന്യാഹുവിനെതിരെ തെല്‍ അവീവ് വിമാനത്താവളത്തിനു മുന്നില്‍ ആയിരങ്ങളാണ് പ്രതിഷേധിച്ചത്. ഗസ്സയില്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രായേല്‍. ബുറൈജ് അഭയാർഥി ക്യാമ്ബിലടക്കം സിവിലിയൻ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളില്‍ 64 പേർ കൊല്ലപ്പെട്ടു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 38,983 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ലബനാൻ സൈനികർക്കും പരിക്കേറ്റു.