ഇടുക്കി മെഡിക്കല്‍ കോളജ് കവാടത്തിലെ സംരക്ഷണഭിത്തി അപകടനിലയില്‍

മഴ കനത്തതോടെ ഇടുക്കി മെഡിക്കല്‍ കോളജിന്‍റെ പ്രവേശന കവാടത്തിലെ സംരക്ഷണ ഭിത്തി അപകടാവസ്ഥയിലായി. ഭിത്തി പുതുക്കിപ്പണിയണമെന്ന് നാട്ടുകാർ മുന്നറിയിപ്പു നല്‍കിയിട്ടും നന്നാക്കാൻ നടപടി ഉണ്ടായില്ല.പഴയ ജില്ല ആശുപത്രി കെട്ടിടത്തിന്‍റെ സംരക്ഷണത്തിനായി നിർമിച്ച വര്‍ഷങ്ങള്‍ പഴക്കമുള്ള കരിങ്കല്‍കെട്ടാണ് ഏതുനിമിഷവും നിലംപൊത്താറായി നില്‍ക്കുന്നത്. അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ തിരക്കേറിയ റോഡിലേക്കാകും കരിങ്കല്‍ ഭിത്തി പതിക്കുന്നത്. ഇത് വന്‍ അപകടങ്ങള്‍ക്ക് കാരണമാകും. കഴിഞ്ഞവര്‍ഷം കരിങ്കല്‍ കെട്ട് തള്ളി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ്. കാലവർഷത്തിനു മുമ്ബ് ഭിത്തി പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് അന്നുമുതല്‍ അധികൃതരെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ല. മെഡിക്കല്‍ കോളജിലേക്ക് പ്രവേശിക്കുന്ന ഏക റോഡിലേക്കാവും കെട്ട് ഇടിഞ്ഞാല്‍ പതിക്കുക. രാത്രിയും പകലും തിരക്കുള്ള റോഡാണിത്. കെട്ടിനു സമീപത്തായി പെട്ടികടകളും പ്രവര്‍ത്തിക്കുന്നുണ്ട്. തകര്‍ച്ച നേരിടുന്ന ഭാഗം അടിയന്തിരമായി പൊളിച്ച്‌ മാറ്റി പുനര്‍നിർമിച്ചാല്‍ അപകടമൊഴിവാക്കി കെട്ടിടത്തെ സംരക്ഷിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *