ഇടുക്കി ജില്ലയില്‍ കാറ്റിലും മഴയിലും വ്യാപക നാശം. പ്രധാന പാതകളില്‍ പലയിടത്തും മണ്ണടിഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.കനത്ത മഴയെ തുടര്‍ന്ന് മലങ്കര, കല്ലാര്‍കുട്ടി, പാംബ്ല, കല്ലാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. മലങ്കര ഡാമിന്‍റെ ആറു ഷട്ടറുകളും കല്ലാര്‍കുട്ടി ഡാമിന്‍റെ നാലു ഷട്ടറുകളും തുറന്നു.പെരിയാര്‍, മുതിരപ്പുഴയാര്‍, തൊടുപുഴയാര്‍, മൂവാറ്റുപുഴയാര്‍, കല്ലാര്‍ തുടങ്ങിയ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലും കൊട്ടാരക്കര-ഡിണ്ടുകല്‍ ദേശീയ പാതയിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.കൊട്ടാരക്കര-ഡിണ്ടുകല്‍ ദേശീയ പാതയില്‍ പീരുമേട് മത്തായിക്കൊക്കയ്ക്കു സമീപം റോഡിന്‍റെ സംരക്ഷണ ഭിത്തിയിടിഞ്ഞു. മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് റോഡ് ഇടിഞ്ഞത്. മഴ വീണ്ടും ശക്തമായാല്‍ കൂടുതല്‍ ഭാഗം ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെയാണ് കടത്തി വിടുന്നത്.മൂന്നാര്‍ -മറയൂര്‍ റോഡിലും മണ്ണിടിഞ്ഞു. രാജാക്കാട് -മയിലാടുംപാറ റൂട്ടില്‍ വട്ടക്കണ്ണിപാറയ്ക്കു സമീപം മണ്ണിടിച്ചിലുണ്ടായി. നേര്യമംഗലം കാഞ്ഞിരവേലിയില്‍ വെട്ടിപ്ലാവില്‍ അനീഷിന്‍റെ വീട് കാറ്റിലും മഴയിലും പൂര്‍ണമായി തകര്‍ന്നു. ഇടുക്കിയില്‍ പലയിടങ്ങളിലും വീടുകള്‍ക്കു മുകളിലേക്കു മരം വീണും മറ്റും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. മണിക്കൂറുകളായി പല മേഖലകളിലും വൈദ്യുതി ബന്ധവും വിശ്ചേദിക്കപ്പെട്ട നിലയിലാണ്.മൂന്നാര്‍ മേഖലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇവിടെ കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്നാര്‍ അന്തോണിയാര്‍ കോളനിയില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇവിടെയുള്ള കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കി മാറ്റുമെന്ന് റവന്യു അധികൃതര്‍ അറിയിച്ചു.അപകട സാധ്യത കണക്കിലെടുത്ത് ലോക്കാട് ഗ്യാപ് റോഡ് അടയ്ക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദശം നല്‍കി. വിനോദ സഞ്ചാരത്തിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തി. പാതയോരങ്ങളിലെ വെള്ളച്ചാട്ടങ്ങളിലും മറ്റും സഞ്ചാരികള്‍ ഇറങ്ങുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ മലയോര മേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്കും ജില്ലാ കളക്ടര്‍ നിരോധനമേര്‍പ്പെടുത്തി.