ഇടതൂര്‍ന്ന മുടിക്കായി ഇനി ഇത് കഴിച്ചാല്‍ മതി …

പേശികളെ ബലപ്പെടുത്തുന്നതിനും ശരീരത്തെ പരിപോഷിപ്പിക്കുന്നതിനുമെല്ലാം ഏറ്റവും ആവശ്യകമായ പോഷകമാണ് പ്രോട്ടീനുകള്‍.

വ്യായാമ ശേഷമുള്ള ഭക്ഷണത്തില്‍ പ്രോട്ടീൻ കൂടുതലായി ചേർക്കുന്നത് വഴി ശരീരഘടനയില്‍ ചെറുതും വലുതുമായ നല്ല മാറ്റങ്ങളെ ക്ഷണിച്ചുവരുത്തും. ശരീരത്തിന് പ്രോട്ടീനുകളെ നല്‍കുന്ന പ്രകൃതിദത്ത ഭക്ഷണ ഉറവിടങ്ങള്‍ ധാരാളമുണ്ട്. ഇന്ന് നമ്മള്‍ സംസാരിക്കുന്നത് ശരീരത്തിന് ഉയർന്ന അളവില്‍ പ്രോട്ടീനുകള്‍ നല്‍കാൻ ശേഷിയുള്ള കടലയെക്കുറിച്ചാണ്.

പ്രോട്ടീൻ നല്‍കുന്നതാണെങ്കില്‍ ദിവസവും രാവിലെ നല്ല ചൂട് പുട്ടിനോടൊപ്പം കടലക്കറി ഒഴിച്ച്‌ കഴിച്ചാല്‍ പോരെ എന്ന് ചോദിക്കാൻ വരട്ടെ. എന്ത് ഭക്ഷണമായാലും അത് കഴിക്കേണ്ട രീതിയില്‍ കഴിച്ചാല്‍ മാത്രമേ ശരീരത്തിന് ഗുണം നല്‍കുന്നതായി മാറുകയുള്ളൂ. കുതിർത്തിവച്ച കടലയാണെങ്കില്‍ അതില്‍ നിന്നും ശരീരത്തിന് ലഭിക്കുന്ന പ്രോട്ടീനുകളുടെ അളവും പോഷകമൂല്യങ്ങളും ഉയർന്ന നിലയിലായിരിക്കും. ഫൈബർ, വിറ്റാമിനുകള്‍, ധാതുക്കള്‍, ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന കൊഴുപ്പ് എന്നിവയെല്ലാം ഇതില്‍ നിന്നും ലഭിക്കും.

വെറുതെ ഇരുന്നാല്‍ പോലും എന്തെങ്കിലും കൊറിച്ച്‌ കൊണ്ടിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതല്‍ പേരും. അങ്ങനെ ഇഷ്ടമുള്ളതെന്തും വായിലിട്ടു ചവച്ചു കൊണ്ടിരുന്നാല്‍ തടി കൂടുന്നത് അറിയുകയേയില്ല. എന്നാല്‍ ചവയ്ക്കുന്നത് കുതിർത്തിയ കടല ആണെങ്കില്‍ ഇനി തടി കൂടില്ല. പകരം കുറയുമെന്നുറപ്പ് തരാം.

കുതിർത്തിയ കടല കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലത്തെ പ്രഭാതഭക്ഷണ സമയമാണ്. ഇതിന് ന്യായമായ കാരണമുണ്ട്. ദിവസം മുഴുവൻ ഇത് നിങ്ങളെ ഊർജ്ജസ്വലമായി വയ്ക്കുന്നതോടൊപ്പം ശരീരത്തിന് ഇത് അനവധി ഗുണങ്ങളെ വാഗ്ദാനം ചെയ്യുന്നു.

കുതിർത്ത കടലയില്‍ കലോറി തീരെ കുറവാണ്. പകരം ഇതില്‍ കൂടുതല്‍ പോഷകങ്ങളാണ് അടങ്ങിയിരിക്കുന്നത്. പ്രോട്ടീൻ, ഫൈബർ എന്നിവയുടെ മികച്ച ഉറവിടമായ ഇതില്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇതില്‍ ഉയർന്ന അളവില്‍ അടങ്ങിയിരിക്കുന്ന നാരുകളുടെ സാന്നിധ്യം നിങ്ങളുടെ അമിതവിശപ്പിനെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയാനും സഹായിക്കും.

രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു: കറുത്ത കടലയില്‍ അടങ്ങിയിരിക്കുന്ന സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ എന്നീ ഘടകങ്ങള്‍ നിങ്ങളുടെ ദഹന പ്രക്രിയയെ മന്ദഗതിയിലാക്കിക്കൊണ്ട് ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണശീലത്തില്‍ കുതിർത്തിയ കടല ചേർക്കുന്നത് പഞ്ചസാരയുടെ അളവ് കുറച്ചുകൊണ്ട് ടൈപ്പ് 2 പ്രമേഹ സാധ്യതയെ നിയന്ത്രിക്കുന്നതിന് സഹായിക്കും.

നിങ്ങള്‍ക്ക് ആരോഗ്യമുള്ള തലമുടി വേണമെങ്കില്‍, ഭക്ഷണത്തില്‍ കുതിർത്തിയ കടല ഉള്‍പ്പെടുത്തുക. ഇതില്‍ വിറ്റാമിൻ എ, ബി 6, സിങ്ക്, മാംഗനീസ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും അതോടൊപ്പം ധാതുക്കളും ഉണ്ട്. ഇത് തലമുടിക്ക് ആവശ്യമായ പോഷകാഹാര നിലയെ നിയന്ത്രിച്ചു നിർത്തുന്നതിന് സഹായമായിത്തീരുകയും നല്ല മുടിയഴക് സമ്മാനിക്കുകയും ചെയ്യും. വെള്ളത്തില്‍ കുതിർത്തി വച്ച കടല സ്ഥിരമായി കഴിക്കുന്നത് മുടിയുടെ അകാല നരയെ തടയുന്നതിന് ഏറ്റവും ഗുണം ചെയ്യുന്നതാണ് എന്ന് കണ്ടെത്തിയിരിക്കുന്നു.

മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടമാണ് കുതിർത്തിയ കടല. ഇത് ഉയർന്ന രക്തസമ്മർദ്ദത്തെ തടയാനും മോശം കൊളസ്ട്രോള്‍ നില കുറയ്ക്കാനും സഹായിക്കും, അതുകൊണ്ടുതന്നെ ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കും. കുതിർത്തിയ കടല പതിവായി കഴിക്കുന്നത് വീക്കം കുറയ്ക്കുന്ന ഫാറ്റി ആസിഡായ ബ്യൂട്ടൈറേറ്റിന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ വൻകുടല്‍, സ്തന, ശ്വാസകോശ അർബുദം എന്നിവയുടെ സാധ്യതകളെ കുറയ്ക്കാൻ സഹായകമാണെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.

സസ്യാഹാരികളായ ആളുകള്‍ക്ക് അയണ്‍ പോഷകങ്ങളെ നല്‍കുന്ന ഏറ്റവും മികച്ച ഉറവിടമാണ് കുതിർത്ത കടല. ഇത് രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കും. വിളർച്ച ബാധിച്ച ആളുകള്‍ക്ക് കഴിക്കാൻ ശുപാർശ ചെയ്യുന്ന ഒന്നാണിവ. ഗർഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാർക്കും ഏറ്റവും മികച്ചത് കൂടിയാണിവ.

വാർദ്ധക്യത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ പ്രകടമാകുന്നത് ചർമ്മത്തിലാണ്. ചർമ്മത്തിലെ ചുളിവുകളും വരകളുമൊക്കെയാണ് ഇതിന്റെ ആദ്യ ലക്ഷണങ്ങള്‍. ഇന്നത്തെ ജീവിതശൈലി മാറ്റങ്ങള്‍ മൂലം 30 വയസ്സിന് മേല്‍ പ്രായമാകുമ്ബോള്‍ തന്നെ മുഖത്ത് ചുളിവുകളും പാടുകളും പ്രത്യക്ഷപ്പെടുന്നത് സാധാരണയാണ്. ഭക്ഷണ ശീലത്തില്‍ നിന്ന് പോഷകങ്ങള്‍ ലഭ്യമാകാത്ത പക്ഷം ഇത്തരം ലക്ഷണങ്ങള്‍ നേരത്തേ കണ്ടുതുടങ്ങും. കുതിർത്ത കടലയില്‍ മാംഗനീസ് ഉള്ളതിനാല്‍ ഇത് ചർമത്തില്‍ ഉണ്ടാകുന്ന അകാലവാർധക്യ ലക്ഷണങ്ങളെ തടയാൻ സഹായിക്കുന്നു. ഇത് ചുളിവുകള്‍ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകള്‍ക്കെതിരേ പോരാടാൻ ശേഷിയുള്ള ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *