ആർ ജി കർ മെഡിക്കല്‍ കോളേജിലെ ബലാത്സം​ഗക്കൊലപാതകം; പ്രതിക്ക് ജീവപര്യന്തം

കൊൽക്കത്ത:
കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്

കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി ജീവിതകാലം മുഴുവനും ജയിലിൽ തുടരണം. പ്രതി 50000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന സിബിഐ വാദം കോടതി നിരാകരിച്ചു. പ്രതിയ്ക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുതെന്നും കോടതി ശിക്ഷാ വിധിയിൽ ചൂണ്ടിക്കാണിച്ചു. 17 ലക്ഷം രൂപ കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. പെൺകുട്ടികളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിൻ്റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. സ്ത്രീസുരക്ഷയിൽ സർക്കാർ പരാജയമെന്നും ശിക്ഷാവിധിയിൽ കോടതി ചൂണ്ടിക്കാണിച്ചു.

നീതി വേണമെന്നായിരുന്നു വിധിയിൽ കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബത്തിൻ്റെ പ്രതികരണം. സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി വിധിച്ച 17 ലക്ഷം രൂപ വേണ്ടെന്നും കുടുംബം വ്യക്തമാക്കി.

നേരത്തെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അതിക്രൂരവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ കുറ്റകൃത്യം നടത്തിയ പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു വിചാരണക്കോടതിയില്‍ സിബിഐയുടെ ആവശ്യം. ഏറ്റവും വലിയ ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ വധശിക്ഷയും, ചെറിയ ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ ജീവപര്യന്തവും നല്‍കുമെന്ന് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം കോടതി വ്യക്തമാക്കിയിരുന്നു.

ബലാത്സംഗമോ കൊലപാതകമോ ചെയ്തിട്ടില്ലെന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള വാദത്തിനിടെ പ്രതി ആവ‍ർത്തിച്ചിരുന്നു. നിരപരാധിയെന്നും തന്നെ മർദ്ദിച്ചാണ് മൊഴിയെടുത്തതെന്നും സഞ്ജയ് റോയ് കോടതിയിൽ വ്യക്തമാക്കി. ആവശ്യമുള്ളിടത്തെല്ലാം ഒപ്പിടുവിച്ചുവെന്നും കാരണമില്ലാതെ പ്രതി ചേർത്തുവെന്നും പ്രതി ആരോപിച്ചു. തന്നെ കേൾക്കാൻ സിബിഐ തയ്യാറായില്ല. കേസ് അപൂർവങ്ങളിൽ അപൂർവമല്ല. തനിക്കെതിരെ തെളിവില്ലെന്നും വധശിക്ഷ നൽകരുതെന്നും പ്രതി സഞ്ജയ് റോയ് കോടതിയോട് അപേക്ഷിച്ചിരുന്നു.

2024 ആഗസ്റ്റ് ഒന്‍പതാം തീയതിയാണ് ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11മണിക്ക് ആശുപത്രി പരിസരത്തുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ നാലുമണിയോടെ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചു. നാല്‍പത് മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്‍ പുറത്തുപോകുന്നത് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ച ഇയാള്‍ പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

തുടര്‍ന്ന് രാജ്യമാകെ ഡോക്ടര്‍മാര്‍ വലിയ പ്രതിഷേധമുയര്‍ത്തി. കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസ് പരാജയപ്പെട്ടുവെന്നായിരുന്നു ഗുരുതര ആക്ഷേപം. തുടര്‍ന്നാണ് കല്‍ക്കട്ട ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചതും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കുറ്റകൃത്യം സംഭവിച്ച് അഞ്ചര മാസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി.

Leave a Reply

Your email address will not be published. Required fields are marked *