പീഡനത്തിലും കൊലപാതകത്തിലും കുറ്റക്കാരൻ
ശാസ്ത്രീയ തെളിവുകളാണ് സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതിലേക്ക് നയിച്ചത്.
കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് നല്‍കാവുന്ന ഏറ്റവും ചെറിയ ശിക്ഷ ജീവപര്യന്തമാണെന്ന് കോടതി. നല്‍കാവുന്ന ഏറ്റവും വലിയ ശിക്ഷ വധശിക്ഷയാണെന്നും വിചാരണ കോടതി അനിര്‍ബന്‍ ദാസ് വ്യക്തമാക്കി. പ്രതി സഞ്ജയ് റോയ് കുറ്റക്കാരനായി കണ്ടെത്തിയ വിധിയിലാണ് കോടതിയുടെ പരാമര്‍ശം.
വാദത്തിനിടയില്‍ താന്‍ നിരപരാധിയാണെന്നും സംഭവത്തില്‍ താന്‍ ഉള്‍പ്പെട്ടില്ലെന്നും സഞ്ജയ് വാദിച്ചു. തന്നെ കേസില്‍ കുടുക്കിയതാണെന്നും സഞ്ജയ് റോയ് പറഞ്ഞു. എന്നാല്‍ ബലാത്സംഗത്തിലും കൊലപാതകത്തിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയായിരുന്നു. പക്ഷേ ശിക്ഷ വിധിക്കുന്നതിന് മുമ്പ് സഞ്ജയ്ക്ക് പറയാനുള്ളത് കേള്‍ക്കുമെന്ന് കോടതി പറഞ്ഞു. ശാസ്ത്രീയ തെളിവുകളാണ് സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതിലേക്ക് നയിച്ചത്. ശിക്ഷാ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒമ്പതിനാണ് യുവ ഡോക്ടറെ പ്രതി ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. സെമിനാര്‍ ഹാളിലായിരുന്നു ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 10ന് തന്നെ പ്രതി സഞ്ജയ് റോയ്‌യെ കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒക്ടോബര്‍ ഏഴിന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
മറ്റൊരു ജൂനിയര്‍ ഡോക്ടറായിരുന്നു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പീഡനത്തിനിരയായി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു. യുവ ഡോക്ടറുടെ ശരീരത്തില്‍ ആന്തരികമായി 25 മുറിവുകളും ശരീരത്തിന് പുറത്തും പരിക്കുകളുമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അതേ ദിവസം പുലര്‍ച്ചെ 4.03ന് സഞ്ജയ് സെമിനാര്‍ മുറിയിലേക്ക് പ്രവേശിക്കുന്നത് സിസിടിവിയിലൂടെ കണ്ടെത്തിയത്. അരമണിക്കൂറിന് ശേഷം ഇയാള്‍ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങി. കുറ്റം നടന്ന സ്ഥലത്ത് നിന്നും സഞ്ജയ് റോയിയുടെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും കൊല്‍ക്കത്ത പൊലീസ് കണ്ടെടുത്തിരുന്നു. പിന്നാലെ സിബിഐ കേസ് ഏറ്റെടുക്കുകയും ഇയാളെ നുണപരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. താന്‍ സെമിനാര്‍ മുറിയിലേക്ക് കയറിയപ്പോള്‍ തന്നെ യുവതി ബോധരഹിതയായിരുന്നുവെന്നായിരുന്നു സഞ്ജയ് പറഞ്ഞത്.
എന്നാല്‍ വിവരം എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ലെന്ന ചോദ്യത്തിന് താന്‍ പരിഭ്രാന്തിയാലായതിനാലാണ് അറിയിക്കാന്‍ സാധിക്കാതിരുന്നതെന്നായിരുന്നു മറുപടി. തന്നെ കേസില്‍ കുടുക്കുകയാണെന്നും സഞ്ജയ് റോയ് ആരോപിച്ചു. പിന്നാലെ നടന്ന അന്വേഷണത്തില്‍ സഞ്ജയ് റോയ് തങ്ങളോട് നുണപറയുകയാണെന്ന് സിബിഐ കണ്ടെത്തുകയായിരുന്നു.