ആശ്രിത നിമനത്തിലൂടെ ഒരാള്‍ക്ക് നല്‍കുന്ന സർക്കാർ ജോലി ഒരു സ്ഥാപിത അവകാശമായി ഉന്നയിക്കാനാകില്ലെന്ന് സുപ്രീംകോടതി.
ഹരിയാനെയിലെ ഒരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. 1997-ല്‍ മരിച്ച ഹരിയാനെയിലെ ഒരു പൊലീസ് കോണ്‍സ്റ്റബിളിൻ്റെ മകൻ ജോലിയിലിരിക്കെ അച്ഛൻ മരിച്ചപ്പോള്‍ ലഭിക്കേണ്ടിയിരുന്ന ജോലി തേടി 11 വർഷത്തിനു ശേഷം സർക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍, ഹരിയാനെ സർക്കാർ അത് അനുവദിച്ചില്ല. തുടർന്ന് മകൻ കോടതിയിലെത്തിയപ്പോഴാണ് സുപ്രീം കോടതി വിഷയത്തില്‍ നിർണായക നിലപാട് സ്വീകരിച്ചത്.
അച്ഛൻ മരിക്കുമ്ബോള്‍ 7 വയസ്സ് മാത്രമായിരുന്നു മകനുണ്ടായിരുന്നത്. അതിനാല്‍ പ്രായപൂർത്തിയായപ്പോള്‍ ജോലിയ്ക്ക് ശ്രമിച്ചതാണെന്ന് മകൻ്റെ ഭാഗം വാദിച്ച അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സർക്കാർ സേവനത്തിലിരിക്കുന്ന ഒരാള്‍ മരിക്കുമ്ബോള്‍ അടിയന്തരമായി കുടുംബത്തിന് ലഭ്യമാക്കുന്ന സഹായമെന്ന നിലയിലാണ് ആശ്രിതനിയമനം നല്‍കുന്നതെന്നും വർഷങ്ങള്‍ക്കുശേഷം അതില്‍ അവകാശമുന്നയിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഹർജി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഹ്‌സനുദ്ദീൻ അമാനുള്ള, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.