സർക്കാർ ആശുപതിയില്‍ ഉണ്ടായ വടിവാള്‍ ആക്രമണത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. അരുണാചല്‍ പ്രദേശിലെ കാമെങ് ജില്ലയിലാണ് സംഭവം.
നാല്പതുകാരനായ നികം സാങ്ബിയ ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാളുടെ ഭാര്യയും മകളും അടക്കം മൂന്ന് പേരാണ് മരിച്ചത്.
സെപ്പയിലെ സർക്കാർ ജില്ലാ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. യാതൊരു പ്രകോപനവും ഇല്ലാതെ പെട്ടെന്നു ആശുപത്രിയില്‍ ഇയാള്‍ വടിവാള്‍ വീശി ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തില്‍ ഇയാളുടെ ഭാര്യ താടു സാങ്ബിയ (38), മകള്‍ നക്കിയ സാങ്ബിയ (2) എന്നിവരും മെഡിക്കല്‍ അറ്റന്ഡന്റ് പഖ വെ ല്ലി (45) യുമാണ് മരിച്ചത്. വടിവാള്‍ ആക്രമണത്തെ പറ്റിയുള്ള വിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കും ഇയാളുടെ അക്രമണത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. സെപ്പ പൊലീസ് ഓഫിസർ ഇൻ ചാർജ് മില്‍നി ഗെയിക്കും അക്രമണത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് നികത്തെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.അതേസമയം ആക്രമണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.ഇത് കണ്ടെത്താൻ പൊലീസ് പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ഇയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം അടക്കം ചുമത്തിയിട്ടുണ്ട്.