ആലപ്പുഴ ബൈപ്പാസില്‍ നിയന്ത്രണംവിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.
കൊല്ലം കൊട്ടിയം ആദിച്ചനെല്ലൂര്‍ ജിലി ഭവനത്തില്‍ ജസ്റ്റിനാണ് മരിച്ചത്. പാലക്കാട് കഞ്ചിക്കോട് നിന്ന് കമ്ബിയുമായി കൊല്ലം കൊട്ടിയത്തേക്ക് വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
ബൈപാസ് കുതിരപ്പന്തി ഭാഗത്ത് എത്തിയപ്പോള്‍ ലോറി നിയന്ത്രണം വിട്ട് തെരുവ് വിളക്ക് സ്ഥാപിച്ച ഒന്നിലധികം വൈദ്യുതി പോസ്റ്റുകളും റോഡ് സുരക്ഷക്കായി സ്ഥാപിച്ച കോണ്‍ക്രീറ്റ് കുറ്റികളും ഇടിച്ച് തകര്‍ത്ത് സമീപത്തെ ആഴം കുറുഞ്ഞ അഴുക്ക് ചാലിലേക്ക് മറിയുകയായിരുന്നു.സമീപത്തെ മതിലില്‍ ഇടിച്ചാണ് വാഹനം നിന്നത്. ശബ്ദംകേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ വാഹനത്തില്‍ കുടുങ്ങിയ ജസ്റ്റിനെ ലോറിയില്‍നിന്ന് പുറത്തെടുത്ത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആലപ്പുഴ സൗത്ത് പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്ത് എത്തി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സൗത്ത് പൊലീസ് പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.