ആറുവര്‍ഷം നീണ്ട നിയമപോരാട്ടം; പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി ഇന്ന്

പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഇന്ന് വിധി പറയും. ആറുവര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കൊച്ചി സിബിഐ കോടതിയാണ് വിധി പറയുക.

കേസില്‍ വിധി പറയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെയാണു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദു ചെയ്തു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരായ അപ്പീലില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി കൂടി തള്ളിയതോടെ സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.മുന്‍ എംഎല്‍ എ യും സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറിയുമായ കെ.മണികണ്ഠന്‍, മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ എന്‍.ബാലകൃഷ്ണന്‍, രാഘവന്‍ വെളുത്തതോളി തുടങ്ങി 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ പ്രകമ്ബനങ്ങളുണ്ടാക്കിയ കേസില്‍ രണ്ട് വര്‍ഷത്തിലേറെ നീണ്ട വിചാരണക്കൊടുവിലാണ് വിധി പറച്ചില്‍.

Leave a Reply

Your email address will not be published. Required fields are marked *