ജില്ലയില്‍ ചൊവ്വാഴ്ചയും ശക്തമായ മഴ. കാറ്റ് പലയിടത്തും നാശം സൃഷ്ടിച്ചു. ചാലക്കുടി-അതിരപ്പിള്ളി മേഖലയില്‍ തീവ്ര മഴയാണ് അനുഭവപ്പെട്ടത്.
റോഡുകള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി. കൊടകര മറ്റത്തൂരില്‍ പാടശേഖരങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വ്യാപക വെള്ളക്കെട്ടിലാണ് കൊടുങ്ങല്ലൂർ. മരം വീണ് വീടുകള്‍ തകർന്നതും വീട്ടുകാർക്ക് പരിക്കേറ്റതുമായ സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. വൈദ്യുതി വിതരണവും പരക്കെ തടസ്സപ്പെട്ടു. ഇടവിട്ട് പെയ്യുന്ന മഴ ശക്തമാണ്.
കാറ്റിലും വെള്ളക്കെട്ടിലും വ്യാപക നാശം
ചാലക്കുടി: കനത്ത മഴയില്‍ പെരിങ്ങല്‍ക്കുത്ത് തുറന്ന് അധികജലം പുറത്തുവിട്ടതോടെ ചാലക്കുടിയിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ടും നാശനഷ്ടങ്ങളും. പുഴയോരത്ത് നീരൊഴുക്ക് വർധിച്ചതോടെ ജലനിരപ്പ് ഉയർന്ന് നിറഞ്ഞാണ് ചാലക്കുടിപ്പുഴ ഒഴുകുന്നത്. വെട്ടുകടവ് പാലത്തിന്റെ അടിത്തട്ടിനോട് തൊട്ടാണൊഴുകുന്നത്. കനത്ത മഴയിലും പെട്ടെന്ന് വീശിയ കാറ്റിലും മരം വീണും വെള്ളക്കെട്ട് മൂലവും പലയിടത്തും ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. കൂടാതെ മരങ്ങള്‍ വീണ് വീടുകള്‍ക്കും മറ്റ് നിർമിതികള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
ചാലക്കുടി റയില്‍വേ അടിപ്പാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം മുടങ്ങി. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് കടന്നുപോകാൻ ശ്രമിച്ച ലോറി വെള്ളത്തില്‍ മുങ്ങി. തുടർന്ന് മറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് വലിച്ചു കയറ്റി. ഈ സീസണില്‍ രണ്ടാമത്തെ തവണയാണ് അടിപ്പാതയില്‍ വെള്ളക്കെട്ട് ഉണ്ടാവുന്നത്. 15 വർഷത്തോളമായി വെള്ളക്കെട്ട് പരിഹാരമില്ലാതെ തുടരുകയാണ്. ഇത്തവണ റയില്‍വേ എഞ്ചിനീയറിങ് വിഭാഗം വന്നെത്തി വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമം നടത്തിയതും പരാജയപ്പെട്ടു. അന്നനാട് ചാത്തൻചാല്‍ വഴിയില്‍ വെള്ളം കയറി ഗതാഗതം പൂർണമായും മുടങ്ങി. കോട്ടാറ്റ്-തിരുത്തിപ്പറമ്ബ് റോഡും പൂർണമായും മുങ്ങിയതിനെ തുടർന്ന് ഗതാഗതം മുടങ്ങി. മുരിങ്ങൂർ ഡിവൈൻ അടിപ്പാതക്ക് സമീപത്തെ സർവിസ് റോഡിലും വെള്ളക്കെട്ട് ബുദ്ധിമുട്ട് സൃഷ്ടിച്ചു. ചിറങ്ങരയില്‍ സർവിസ് റോഡില്‍ മഴയത്ത് നിയന്ത്രണം തെറ്റി ലോറി മറിഞ്ഞു. പടിഞ്ഞാറേ ചാലക്കുടി അമ്ബലനടയില്‍ നിന്ന് കാരൂർ ഭാഗത്തേക്കുള്ള റോഡില്‍ വെള്ളാഞ്ചിറ പാടത്തുനിന്നുള്ള വെള്ളം കയറി. മേലൂർ പഞ്ചായത്തിലെ ഏഴാറ്റുമുഖം റോഡിലെ കപ്പേള തിരിവില്‍ കനത്ത വെള്ളക്കെട്ട് ഉണ്ടായിരുന്നു.
മഴയത്ത് ചാലക്കുടി സൗത്ത് മുനിസിപ്പല്‍ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ പാരപെറ്റ് അടർന്നുവീണു. പാരപെറ്റിനോട് ചേർന്ന് നിർമിച്ച ഷീറ്റ് വർക്കില്‍ കാറ്റ് പിടിച്ചതോടെയാണ് ദുർബലമായ പാരപ്പെറ്റ് അടർന്നുവീണത്. ആർക്കും പരിക്കേറ്റില്ല. മരങ്ങള്‍ വീണ് പലയിടത്തും നാശം സംഭവിച്ചിട്ടുണ്ട്. മേലൂരില്‍ രാത്രിയിലുണ്ടായ മിന്നല്‍ ചുഴലിയില്‍ വിജയ് തെക്കന്റെ വീടിന് മുകളിലേക്ക് മരം വീണ് നാശം സംഭവിച്ചു. ഇവരുടെ കോഴി ഫാമിനു മുകളിലേക്ക് തെങ്ങ് വീണ് ഫാം തകർന്നു. ചാലക്കുടി നഗരസഭയിലെ 15 വാർഡില്‍ കൂടപ്പുഴ ചിറക്കല്‍ രാജഗോപാലിന്റെ വീടിന്റെ മുകളിലേക്ക് പ്ലാവ് വീണ് നാശം സംഭവിച്ചു. വാർഡ് 15 ല്‍ കാനല്‍ പുറമ്ബോക്കില്‍ താമസിക്കുന്ന മംഗലൻ ഷേർലിയുടെ ഓട് വീടില്‍ കമുക് ഒടിഞ്ഞു വീണു നാശം സംഭവിച്ചു. വെട്ടുകടവ് റോഡിലേക്ക് കാറ്റിലും മഴയിലും ഗതാഗത തടസ്സമുണ്ടാക്കിയ മരവും വെട്ടി. അതിരപ്പിള്ളി അരൂർമുഴി ക്ഷേത്രത്തിന് സമീപം കരിമാത്ര ഉഷയുടെ വീടിന് മുകളില്‍ മരം വീണ് നാശം സംഭവിച്ചു. പടിഞ്ഞാറേ ചാലക്കുടി കോട്ടാറ്റില്‍ പതിയാപറമ്ബില്‍ ബാബുവിന്റെ വീടിന് മുകളിലേക്ക് തേക്ക് മരത്തിന്റെ കൊമ്ബ് അടർന്നുവീണ് നാശം സംഭവിച്ചു. എലിഞ്ഞിപ്ര കമ്ബനിപ്പടിക്ക് സമീപം ചുള്ളിയാടന്‍ വിജിലിന്റെ വീടിനു മുകളിലേക്ക് സമീപത്തെ പറമ്ബിലെ തേക്ക് മരം കാറ്റില്‍ കടപുഴകി നാശമുണ്ടായി. ചാലക്കുടി കലാഭവൻ മണി പാർക്കിലും പോട്ട പനമ്ബിള്ളി കോളജ് പരിസരത്തും ഉറുമ്ബൻ കുന്നിലും മരങ്ങള്‍ വീണ് നാശം ഉണ്ടായിട്ടുണ്ട്.
തളിക്കുളത്ത് തെങ്ങ് വീണ് വീട് തകർന്നു; മൂന്ന് പേർക്ക് പരിക്ക്
തളിക്കുളം: ശക്തമായ മഴയിലും വീശിയടിച്ച കാറ്റിലും തളിക്കുളത്ത് തെങ്ങ് വീണ് വീട് തകർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. നമ്ബികടവ് വലിയകത്ത് ആലി മുഹമ്മദിന്‍റെ വീട്ടിലേക്ക് തെങ്ങു വീണ് ഉറങ്ങി കിടക്കുകയായിരുന്ന ഭാര്യ നഫീസ, മകൻ ഷക്കീർ, മരുമകള്‍ റജുല എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 1.30ഓടെയായിരുന്നു സംഭവം. വീടിനോട് ചേർന്ന തെങ്ങിന്‍റെ കട ഭാഗമാണ് ഒടിഞ്ഞ് വീണത്. ഓട് തകർന്നുവീണാണ് പരിക്കേറ്റത്. പ്രദേശത്ത് പലയിടത്തും മരക്കൊമ്ബുകള്‍ ഒടിഞ്ഞു വീണു.
വൻമരം കടപുഴകി വീണു
വടക്കാഞ്ചേരി: കനത്ത മഴയിലും വീശിയടിച്ച കാറ്റിലും ഭീമാകാരമായ പാഴ്മരം കടപുഴകി വീണു. റോഡിന്റെ മറുവശത്തേക്ക് വീണതിനാല്‍ വൻ ദുരന്തം ഒഴിവായി.ഇന്നലെ രാവിലെ ഒമ്ബതോടെ അകമല ശാസ്താ ക്ഷേത്രത്തിനടുത്ത് പാലത്തിന് സമീപത്തെ വർഷങ്ങളോളം പഴക്കമുള്ള പാഴ്മരമാണ് (മദ്രാസ് ഈത്തപഴ മരം) നിലം പൊത്തിയത്. സമീപത്തുള്ള പെട്ടിക്കടയും തകർന്നു. സംഭവം നടക്കുമ്ബോള്‍ കട തുറക്കാതിരുന്നത് വലിയ ദുരന്തത്തില്‍ കലാശിച്ചില്ല. കൂടാതെ മരം കടപുഴകി വീണത് റോഡിന്റെ മറുവശത്തായതിനാല്‍ ഗതാഗത തടസ്സം ഉണ്ടായില്ലെങ്കിലും കടപുഴകിയതോടെ റോഡിന്റെ വശത്ത് വൻ ഗർത്തം രൂപാന്തരപ്പെട്ടു. അപായ സൂചന നല്‍കിയാണ് വാഹനങ്ങള്‍ ജാഗ്രതയോടെ സഞ്ചരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ തിമർത്ത് പെയ്ത മഴയില്‍ നഗരസഭയുടെ പ്രാന്ത പ്രദേശങ്ങളില്‍ മര ശിഖരങ്ങള്‍ റോഡിലേക്കും വൈദ്യൂതി ലൈനിലേക്കും വീണ് ഗതാഗത തടസവും വൈദ്യുുതി തടസവും സൃഷ്ടിച്ചിരുന്നു.
റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
ഒല്ലൂർ: ശക്തമായ മഴയെത്തുടർന്ന് സംസ്ഥാന പാതയിലെ ചീരാച്ചിയില്‍ വൻ മരം കടപുഴകി വീണു. ചൊവ്വാഴ്ച രാവിലെ ഒമ്ബതോടെയാണ് റോഡിലേക്ക് മരം കടപുഴകി വീണത്. റോഡരികില്‍ നിന്നിരുന്ന മാവ് ആണ് റോഡിന് കുറുകെ വീണത്. സംഭവത്തെ തുടർന്ന് ഈ വഴി വാഹന ഗതാഗതം തടസ്സപെട്ടു. ഏറെ വാഹനത്തിരക്കുള്ള റോഡില്‍ മരം വീഴുന്ന സമയത്ത് വാഹനങ്ങള്‍ വരാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. റോഡ് സൈഡില്‍ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണെങ്കിലും മരക്കൊമ്ബ് റോഡില്‍ കുത്തിനിന്നതിനാല്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ല. വിവരം അറിഞ്ഞ് തൃശൂരില്‍ നിന്നെത്തിയ ഒരു യൂനിറ്റ് അഗ്നിരക്ഷാസേനയുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് റോഡില്‍ വീണ മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. മരം വീണ് മേഖലയിലെ വൈദ്യുതി ലൈനുകളും, കേബിള്‍ ടി.വി വയറുകളും തകരാറിലായി.
നീരൊഴുക്ക് തുടരുന്നു; അധിക ജലം ഒഴുക്കി വിടുന്നത് നിർത്താതെ പെരിങ്ങല്‍കുത്ത്
അതിരപ്പിള്ളി: പെരിങ്ങല്‍കുത്തില്‍ നീരൊഴുക്ക് തുടരുന്നതിനാല്‍ ചാലക്കുടിപ്പുഴയിലേക്ക് അധിക ജലം ഒഴുക്കി വിടുന്നത് നിർത്തിയില്ല. റെഡ് അലർട്ടിലായ പെരിങ്ങല്‍കുത്ത് ഡാമില്‍നിന്ന് അധിക ജലം ഒഴിവാക്കുന്നത് ചൊവ്വാഴ്ചയും തുടർന്നു. തിങ്കളാഴ്ച ഡാം തുറന്നു വിട്ടതോടെ 422.90 മീറ്ററായി ജലനിരപ്പ് താഴ്ന്ന് ഓറഞ്ച് അലർട്ടിലായ പെരിങ്ങല്‍ക്കുത്തില്‍ വൈകിട്ട് അഞ്ചോടെ ജലനിരപ്പ് 423.05 ആയി തുടർന്നതോടെ റെഡ് അലർട്ടിലേക്ക് വീണ്ടുമെത്തുകയായിരുന്നു. പെരിങ്ങല്‍കുത്തിന്റെ പരമാവധി സംഭരണ ശേഷി 424 മീറ്റർ ആണ്. ഒന്ന്, മൂന്ന്, അഞ്ച്, ആറ് എന്നിങ്ങനെ ഡാമിന്റെ നാല് ക്രെസ്റ്റ് ഗേറ്റുകള്‍ പത്തടി വീതം തുറന്ന് വെള്ളം പുറത്തു വിട്ടു കൊണ്ടിരിക്കുകയാണ്.
ഏഴാമത്തെ ഗേറ്റ് അഞ്ച് അടിയും തുറന്നിട്ടുണ്ട്. നേരത്തെ ഇത് 10 അടിയായിരുന്നു. അതേ സമയം രണ്ട്, നാല് സ്ലൂയിസ് ഗേറ്റുകള്‍ പൂർണമായും അടച്ചിട്ടിരിക്കുന്നു. ഷട്ടർ വഴിയുള്ള വെള്ളത്തിന് പുറമേ വാച്ചുമരത്തെ കനാല്‍ വഴി ഇടമലയാറിലേക്ക് വെള്ളം പെരിങ്ങല്‍കുത്ത് ഡാമിന്റെ വൃഷ്ടിപ്രദേശത്തു നിന്നും പോകുന്നുണ്ട്. പെരിങ്ങല്‍കുത്ത് ഡാമില്‍ മഴ നേരിയ മഴയേയുള്ളു. എന്നാല്‍ വൃഷ്ടിപ്രദേശത്തു നിന്ന് ഡാമിലേക്ക് നീരൊഴുക്ക് വർധിച്ചതിനാല്‍ ഉച്ചക്ക് ഒന്നോടെ ജലനിരപ്പ് നേരിയ തോതില്‍ ഉയർന്നിരുന്നു. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ആറങ്ങാലി സ്റ്റേഷനില്‍ രാവിലെ 6.48 മീറ്റർ ആയിരുന്നു. ഉച്ചയോടെ 6.29 മീറ്റർ ആയി കുറഞ്ഞിരുന്നു.
റെക്കോഡില്‍ നനഞ്ഞ് ചാലക്കുടി
ചാലക്കുടി: ചാലക്കുടിയില്‍ തകർത്ത് പെയ്ത മഴ ദുരിതമായി. കഴിഞ്ഞ ദിവസം അതിരപ്പിള്ളി പഞ്ചായത്തില്‍ മഴയുടെ റെക്കോർഡ് പെയ്തായിരുന്നു. 283 എം.എം മഴ അതിരപ്പിള്ളിയിലും 223 എം.എം മഴ തൊട്ടടുത്ത വെറ്റിലപ്പാറയിലും രേഖപ്പെടുത്തി. ചാലക്കുടിയില്‍ 232 എം.എം മഴ രേഖപ്പെടുത്തി. പരിയാരം പഞ്ചായത്തില്‍ 205 എം.എം മഴ പെയ്തിരുന്നു. മേലൂരില്‍ -143, കാടുകുറ്റിയില്‍ -159 എം.എം മഴ പെയ്തു. കനത്ത മഴ പലയിടത്തും നാശം വിതച്ചു. കാഞ്ഞിരപ്പിള്ളി ഐ.എച്ച്.ഡി.പി കോളനിയിലെ ഒമ്ബത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പരിയാരം കമ്യൂണിറ്റി ഹാളിലേക്കാണ് ഇവരെ മാറ്റിയത്.
ഗായത്രി പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണം
തൃശൂർ: കനത്ത മഴയെത്തുടർന്ന് ചീരക്കുഴി വിയറിന്റെ എല്ലാ ഷട്ടറും മുഴുവൻ തുറന്ന സാഹചര്യത്തില്‍ ഗായത്രിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പുഴയില്‍ ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ വിയർ പരിസരങ്ങളിലും പുഴയുടെ തീരങ്ങളിലും മീൻപിടിത്തം കർശനമായി നിരോധിച്ചു.