ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അല്പസമയത്തിനകം തുടങ്ങാനിരിക്കെ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സിപിഐ സ്ഥാനാര്‍ഥി സത്യന് മൊകേരി.
ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസിന് താത്പര്യമില്ലെന്നും ആര്‍എസ്എസുമായി പോരാടാതെ ഇടതുമുന്നണിയുമായി പോരാടാനാണ് കോണ്‍ഗ്രസിന് താത്പര്യമെന്നും സത്യന് മൊകേരി പറഞ്ഞു.
‘ആര്‍എസ്എസിനെതിരായ ശക്തമായ പോരാട്ടത്തിന് തയ്യാറാകാതെ ഇടതുമുന്നണിയുമായി മത്സരിക്കാനാണ് കോണ്‍ഗ്രസിന് താത്പര്യം. ഇന്‍ഡ്യ മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണിത്. ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വ്യക്തതയില്ലാത്ത ഭീരുക്കളെപ്പോലെ ഒളിച്ചോടുകയല്ല വേണ്ടത്’, സത്യന് മൊകേരി പറഞ്ഞു. ഇന്‍ഡ്യ സഖ്യത്തിന്റെ അന്തഃസത്ത കോണ്‍ഗ്രസ് കളഞ്ഞുകുളിച്ചുവെന്നും സത്യന് മൊകേരി കൂട്ടിച്ചേര്‍ത്തു.
പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിന്റെ വോട്ടര്‍മാര്‍ വരാത്തതുകൊണ്ടാണ്. വലിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് തോല്ക്കാന് പോകുന്ന മണ്ഡലം എന്ന പ്രചാരണം ഉണ്ടായിരുന്നതുകൊണ്ടുതന്നെ പലരും വോട്ട് ചെയ്യാന്‍ വന്നിട്ടില്ല. പക്ഷെ പാര്‍ട്ടി എല്ലാവരെയും ബൂത്തിലെത്തിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധി തന്നെ കാണാന്‍ വന്നത് ഒരു പ്രതിരോധത്തിന്റെ ഭാഗമാണെന്നും സൗഹൃദ മത്സരമെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമമെന്നും സത്യന് മൊകേരി കൂട്ടിച്ചേര്‍ത്തു.