ജീവിതശൈലി രോഗങ്ങളെ ഒഴിവാക്കുന്നതിന് മില്ലറ്റിന്റെയും കൂണിന്റെയും പോഷക ഗുണങ്ങള്‍ പ്രയോജനകരമാണെന്നും ആരോഗ്യത്തിന്റെ കാര്യത്തില്‍ സൂപ്പര്‍സ്റ്റാറും സൂപ്പര്‍ ഫുഡും ചെറുധാന്യങ്ങള്‍ ആണെന്നും കൃഷിമന്ത്രി പി പ്രസാദ്.
ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ വച്ച് നടക്കുന്ന ചേര്‍ത്തല പൊലിമ കരപ്പുറം കാര്‍ഷിക കാഴ്ചകളോട് അനുബന്ധിച്ച് മില്ലറ്റ് കേക്ക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഐസിഎം ആറിന്റെ പഠനത്തില്‍ നിന്നും 56 ശതമാനം രോഗങ്ങളും ഉണ്ടാകുന്നത് അനാരോഗ്യകരമായ ഭക്ഷണത്തില്‍ നിന്നാണ്. രുചിയോടെ കഴിക്കുന്ന ഭക്ഷണം നമ്മളെ രോഗികളാക്കി മാറ്റുകയാണ്. ക്യാന്‍സര്‍ ക്യാപിറ്റല്‍ ആയി കേരളം മാറുന്ന ആശങ്കയിലാണ് നമ്മള്‍. ഭക്ഷണത്തെ വളരെ ഗൗരവമായി തന്നെ കാണണം. ആഹാരത്തോളം ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റൊന്നുമില്ല. ചെറു ധാന്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയാണ് 2023 ല്‍ അന്താരാഷ്ട്ര ചെറുധാന്യവര്‍ഷം ആചരിച്ചത്.
മിലറ്റ് കൃഷി വ്യാപിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം ഒപ്പം മില്ലറ്റിന്റെ വിവിധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി കൃഷിക്കൂട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ്. നൂറിനു മുകളില്‍ ഉത്പന്നങ്ങള്‍ മില്ലറ്റില്‍ നിന്നും നമുക്ക് ഉത്പാദിപ്പിക്കാന്‍ കഴിയും. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ മില്ലറ്റ് കഫേകള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി ബ്ലോക്കില്‍ 25 ഏക്കറില്‍ മില്ലറ്റ് കൃഷിയും ആരംഭിച്ചു കഴിഞ്ഞു. ചേര്‍ത്തലയില്‍ മില്ലറ്റ് കൃഷി കൂടുതല്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.