ആരിഫിന്‍റെ മടക്കം: രാജ്ഭവൻ പോരില്‍ മഞ്ഞുരുക്ക സാധ്യത തേടി സര്‍ക്കാര്‍

ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയില്‍നിന്ന് മാറുന്നതോടെ രാജ്ഭവനുമായുള്ള പോരില്‍ മഞ്ഞുരുക്ക സാധ്യത തേടി സർക്കാർ.

പകരമെത്തുന്ന രാജേന്ദ്ര ആർലെക്കറുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും സാധ്യത. പല പാർട്ടികളിലൂടെ ‘പ്രയാണം’ നടത്തി ബി.ജെ.പിയിലെത്തിയയാളാണ് ആരിഫ് മുഹമ്മദ് ഖാനെങ്കില്‍ ആർ.എസ്.എസിലൂടെ വളർന്ന് ഗോവയിലെ ബി.ജെ.പി നേതാവായതാണ് ആർലെക്കർ. അതിനാല്‍ രാജ്ഭവൻ വഴിയുള്ള കാവിവത്കരണ ശ്രമങ്ങള്‍ തുടരാൻ തന്നെയാണ് സാധ്യത.

രാജ്ഭവനെ മുന്നില്‍ നിർത്തി കേരളത്തിലെ സർവകലാശാലകള്‍ ലക്ഷ്യമിട്ടാണ് സംഘ്പരിവാർ നീക്കങ്ങള്‍. ജസ്റ്റിസ് സദാശിവം ഗവർണറായ കാലത്തുതന്നെ തുടക്കമിട്ടെങ്കിലും പ്രത്യക്ഷത്തില്‍ പുറത്തേക്കുവന്നത് ആരിഫ് മുഹമ്മദ് ഖാനിലൂടെയാണ്. കേരള, കാലിക്കറ്റ് സർവകലാശാലകളുടെ ഭരണ, അക്കാദമിക സമിതികളിലേക്ക് സംഘ്പരിവാർ അനുകൂലികളെ നാമനിർദേശം ചെയ്തായിരുന്നു ഈ നീക്കം.

രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന് ഡി.ലിറ്റ് നല്‍കാനുള്ള ആരിഫിന്‍റെ നിർദേശം സർക്കാർ നിർദേശപ്രകാരം കേരള സർവകലാശാല നിരസിച്ചതോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. കണ്ണൂർ, കാലടി സർവകലാശാല വി.സി നിയമനങ്ങളില്‍ ഇത് പൊട്ടിത്തെറിയായി മാറി. അതിന് മുമ്ബ് തന്നെ കാലിക്കറ്റ് സർവകലാശാല വി.സി നിയമനത്തിനായി സെർച് കമ്മിറ്റി സമർപ്പിച്ച പാനല്‍ മാസങ്ങളോളം ഗവർണർ വെച്ചുതാമസിപ്പിച്ചു. പാനലിലെ ഒന്നാംപേരുകാരൻ ഡോ. കെ.എം. സീതിക്ക് പ്രായപരിധി കഴിയുന്നതുവരെ തീരുമാനം വൈകി.

പാനലിലുണ്ടായിരുന്ന ആർ.എസ്.എസ് അനുകൂലിയെ വി.സിയാക്കാൻ ബി.ജെ.പി ഇടപെട്ടുവെന്ന് പിന്നീട് ആരിഫ് മുഹമ്മദ് ഖാൻ വെളിപ്പെടുത്തി. ഒടുവില്‍ സർക്കാർ സമ്മർദത്തെ തുടർന്ന് പാനലിലെ രണ്ടാം പേരുകാരൻ ഡോ.എം.കെ. ജയരാജിനെ വി.സിയാക്കാൻ നിർബന്ധിതനായി. ഏറ്റുമുട്ടല്‍ തുടർക്കഥയായതോടെ 14 സർവകലാശാലകളില്‍ സ്ഥിരം വി.സിമാരില്ലാത്ത സാഹചര്യമായി. പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സർവകലാശാലകളില്‍ ഉയർന്ന പദവികളില്‍ നിയമനം നല്‍കാൻ സി.പി.എം നടത്തിയ നീക്കങ്ങള്‍ സർക്കാറിനെതിരെ ഗവർണർക്ക് ആയുധവുമായി.

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി ഒഴിയുന്നതിലും പുതിയ ഗവർണർ രാജേന്ദ്ര ആർലെക്കർ ചുമതലയേറ്റെടുക്കുന്നതിലും വെള്ളിയാഴ്ചയോടെ ചിത്രം തെളിയും. വെള്ളിയാഴ്ച പുലർച്ചെ ആരിഫ് ഖാൻ ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തെത്തും. ഇതിന് ശേഷം ഇക്കാര്യത്തില്‍ ധാരണയാകുമെന്നാണ് വിവരം. രാവിലെ 11ന് ഗവർണർ തിരുവനന്തപുരം ഗവ. ഡെന്‍റല്‍ കോളജില്‍ ഡോക്ടറെ കാണാനെത്തുന്നുണ്ട്. മറ്റ് പരിപാടികളില്ല.

Leave a Reply

Your email address will not be published. Required fields are marked *