ആരാധക പ്രതിഷേധം ഇഷ്ടമായില്ല;

വിജയാഘോഷം വേണ്ടെന്ന് വെച്ച് ലൂണയും സംഘവും
ഒഡീഷ എഫ് സിയെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഒഡീഷ എഫ് സിക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ആഘോഷം വേണ്ടെന്നുവെച്ച് കേരള ബ്ലാസ്റ്റേഴ്സ്. ക്ലബ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് വിജയാഘോഷത്തിനായി തയ്യാറെടുത്ത സഹതാരങ്ങളെ തിരിച്ചുവിളിച്ചത്. എല്ലാ മത്സരത്തിന് ശേഷവും ആരാധക സംഘത്തെ അഭിവാദ്യം ചെയ്ത് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ​​​സ്റ്റേഡിയം വലംവെയ്ക്കാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ആരാധകർക്ക് അടുത്തേയ്ക്ക് നടക്കവേ, ‘ഔട്ട്, ഔട്ട്, ഔട്ട്, മാനേജ്മെന്റ് ഔട്ട്’ എന്ന ആരവമായിരുന്നു ഉയർന്നത്. ഇതോടെയാണ് സഹതാരങ്ങളെ തിരിച്ചുവിളിച്ച് ലൂണ വിജയാഘോഷം വേണ്ടെന്നുവെച്ചത്.

ഒഡീഷ എഫ് സിയെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. കൊമ്പന്മാർക്കായി ക്വാമെ പെപ്രാ, ജെസൂസ് ഹിമെനെസ്, നോഹ​ സദൂയി എന്നിവർ ​ഗോളുകൾ നേടി. ജെറി മാവിഹ്മിംഗ്താംഗ, ഡോറി എന്നിവരാണ് ഒഡീഷയ്ക്കായി ​വലചലിപ്പിച്ചത്. മത്സരം ഉണർന്നതും ഒഡീഷ ആദ്യ ​ഗോൾ വലയിലെത്തിച്ചു. ജെറി മാവിഹ്മിംഗ്താംഗയാണ് ഒഡീഷയെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയിൽ എതിരില്ലാത്ത ഒരു ​ഗോളിന്റെ ലീഡ് നിലനിർത്താൻ ഒഡീഷയ്ക്ക് സാധിച്ചു.

രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. 60-ാം മിനിറ്റി ക്വാമെ പെപ്രാ വലചലിപ്പിച്ചു. പിന്നാലെ 73-ാം മിനിറ്റിൽ ജെസൂസ് ഹിമെനെസിന്റെ ​ഗോളിൽ ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നിലെത്തി.

80-ാം മിനിറ്റിൽ ഡോറിയുടെ ​ഗോളിൽ ഒഡീഷ വീണ്ടും സമനില പിടിച്ചു. എന്നാൽ 83-ാം മിനിറ്റിൽ കാർലോസ് ഡെൽഗാഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഒഡീഷയ്ക്ക് തിരിച്ചടിയായി. 10 പേരായി ചുരുങ്ങിയ ​ഒഡീഷൻ പ്രതിരോധം തകർത്ത് ഇഞ്ചുറി ടൈമിൽ 95-ാം മിനിറ്റിൽ നോഹ സദുയിയുടെ ​ഗോൾ പിറന്നു. ഇതോടെ 3-2ന് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *