ഡാർക്ക് വെബ്ബും ക്രിപ്റ്റോ കറൻസിയും ഉപയോഗിച്ചുള്ള ലഹരി ഇടപാടുകള്‍ വർധിച്ച സാഹചര്യത്തില്‍ നർക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എൻ.സി.ബി.) യുടെ ആന്റി നർക്കോട്ടിക് ദൗത്യസംഘം രൂപവത്കരിച്ച് നിരീക്ഷണം ശക്തമാക്കി.
സംശയകരമായ ഇടപാടുകള്‍ തടയാൻ ബന്ധപ്പെട്ട അന്വേഷണ ഏജൻസികള്‍ക്ക് കൃത്യസമയത്ത് വിവരം കൈമാറുന്നതും തടയുന്നതുമുള്‍പ്പെടെയുള്ള പ്രവർത്തനങ്ങളാകും ദൗത്യസംഘം ചെയ്യുക. ഇതോടൊപ്പം കൂടിവരുന്ന നാർക്കോ-ഭീകരവാദ കേസ് നിരീക്ഷിക്കാൻ ജോയിന്റ് കോഡിനേഷൻ കമ്മിറ്റിക്കും (ജെ.സി.സി.) രൂപം നല്കി.
രാജ്യത്തെ മുഴുവൻ ലഹരിക്കേസുകളിലും അറസ്റ്റിലായ പ്രതികളുടെ വിവരം എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിക്കുംവിധം നാഷണല്‍ ഇന്റഗ്രേറ്റഡ് ഡേറ്റാബേസ് പോർട്ടലും തുടങ്ങിയിട്ടുണ്ട്. ഇതോടെ അന്തസ്സംസ്ഥാന ലഹരിക്കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ വിവിധ അന്വേഷണ സംഘങ്ങള്‍ക്ക് ലഭ്യമാകും. െ
സെബർ തട്ടിപ്പ് സംഘങ്ങള്‍ സ്വരൂപിക്കുന്ന പണമുള്‍പ്പെടെ ക്രിപ്റ്റോ കറൻസി വഴി ലഹരി വാങ്ങാൻ ഉപയോഗിക്കുന്നതായാണ് കണ്ടെത്തല്‍. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇടപാടുകാർ ആവശ്യക്കാരെ സമീപിക്കുന്നത്. പിന്നീട് ക്രിപ്റ്റോ കറൻസി വഴി പണം സ്വീകരിക്കും. പിന്നാലെ വിദേശത്തുനിന്ന് കൂറിയർ വഴി ഉപഭോക്താക്കള്‍ക്ക് ലഹരി എത്തിച്ചുനല്‍കും.
സാങ്കേതികവിദ്യയുടെ പിൻബലത്തോടെ പ്രവർത്തിക്കുന്ന ലഹരിസംഘങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. ഷോപ്പിങ് സൈറ്റുകള്‍പോലുള്ള ആയിരക്കണക്കിന് ലഹരിവില്‍പ്പന സൈറ്റുകളാണുള്ളത്. ഏത് ലഹരിമരുന്നും ബിറ്റ്കോയിൻ ഉപയോഗിച്ച് വാങ്ങാം. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി നേരിട്ട് ഇടപാടുകള്‍ നടത്താമെന്നിരിക്കേ, ഇത്തരം ലഹരിവസ്തുക്കള്‍ കൂറിയർ വഴിയെത്തിക്കുകയാണ് ചെയ്യുന്നത്.
ഡാർക്ക് വെബ്സൈറ്റുകളിലെ ഇടപാടുകാരുടെ വിശദാംശങ്ങള്‍ കണ്ടെത്തുക എളുപ്പമല്ല. സന്ദർശിക്കുന്നവരുടെ ഇന്റർനെറ്റ് വിലാസം (ഐ.പി. അഡ്രസ്) കണ്ടെത്തുകയെന്നതും ദുഷ്കരമാണ്. ലഹരി വില്ക്കുന്നവരും വാങ്ങുന്നവരും തമ്മില്‍ നേരിട്ട് ഇടപാടുകളില്ലാത്തതിനാല് പിടികൂടുക പ്രയാസം. പോളണ്ട്, നെതർലൻഡ്സ്, യു.എസ്.എ. എന്നീ രാജ്യങ്ങളില്‍നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ലഹരിശൃംഖല ശക്തമാണ്.