തിരുവനന്തപുരം: നിർമിത ബുദ്ധി, റോബോട്ടിക്സ്, ഫാക്ട് ചെക്കിങ് എന്നിവക്കു പിന്നാലെ ആനിമേഷൻ, വിഷ്വൽ എഫക്ട്ട്, ഗെയിമിങ്, കോമിക്സ് സാങ്കതികവിദ്യകളും കുട്ടികൾക്ക് പഠിക്കാൻ കേരളം അവസരമൊരുക്കുന്നു. സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം പുറത്തിറക്കിയ എ.വി.ജി.സി – എക്സ്.ആർ (എക്സ്റ്റന്റഡ് റിയാലിറ്റി) നയത്തിനനുസൃതമായി കൈറ്റ് തയാറാക്കിയ ഐ.സി.ടി പാഠപുസ്തകങ്ങളിലാണ് എ.വി.ജി.സി ഉള്ളടക്കം പഠിക്കാൻ അവസരം നൽകുന്നത്.
രാജ്യത്താദ്യമായാണ് മുഴുവൻ കുട്ടികൾക്കുമായി
ഇത്തരമൊരു അവസരം ഒരുക്കുന്നത്. മൂന്നാം ക്ലാസിലെ ‘പാട്ടുപെട്ടി’ എന്ന അധ്യായത്തിൽ സംഗീത സ്വരങ്ങൾ കേട്ട് ട്രയൽ ആൻഡ് എറർ രീതിയിൽ അടിസ്ഥാന സ്വരങ്ങൾ തിരിച്ചറിയാനാകും. നാലാം ക്ലാസിൽ ‘പിയാനോ വായിക്കാം’, ‘ഉത്സവമേളം’ അധ്യായങ്ങളിലൂടെ വിദ്യാർഥികൾക്ക് ഗാനങ്ങൾ ചിട്ടപ്പെടുത്താം. ‘കളിപ്പെട്ടി’യിൽ എജുടെയിൻമെന്റ് രീതിയിൽ ഗെയിം കളിക്കും പോലെയാണ് പഠിക്കുന്നത്.


