ആദ്യ മൂന്ന് ദിവസം സിനിമയെക്കുറിച്ച്‌ ഒരക്ഷരം മിണ്ടരുത്; കങ്കുവ എട്ട് നിലയില്‍ പൊട്ടിയതോടെ ഹര്‍ജിയുമായി നിര്‍മാതാക്കള്‍

 സിനിമാ റിവ്യൂ തടയണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി തമിഴ് സിനിമാ നിർമാതാക്കാള്‍.

ആദ്യ മൂന്ന് ദിവസം സോഷ്യല്‍മീഡിയ റിവ്യൂ അനുവദിക്കരുതെന്നാണ് മദ്രാസ് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ നിർമാതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്നാട്ടില്‍ സമീപകാലത്ത് ഇറങ്ങിയ ബിഗ്ബജറ്റ് സിനിമകള്‍ പ്രതീക്ഷിച്ച കളക്ഷനിലേക്ക് പോകാതിരുന്ന സാഹചര്യത്തിലാണ് നടപടി.

വേട്ടയ്യൻ, ഇന്ത്യൻ 2 എന്നീ സിനിമകള്‍ കോടികള്‍ മുടക്കി റിലീസ് ചെയ്തെങ്കിലും തീയേറ്ററില്‍ വിജയം കണ്ടിരുന്നില്ല. ഇതിന് പിന്നാലെ ഇറങ്ങിയ ബിഗ് ബജറ്റ് ചിത്രമായ കങ്കുവയും അമ്ബേ പരാജയപ്പെട്ടു. 300 കോടിയിലധികം മുടക്കി നിർമിച്ച സിനിമ 100 കോടിക്കപ്പുറം കടന്നില്ല. കങ്കുവയുടെ റിലീസ് ദിവസം ആദ്യ ഷോ പൂർത്തിയാകുന്നതിന് മുന്നോടിയായുള്ള ഇടവേള തൊട്ട് നെഗറ്റീവ് റിവ്യൂകള്‍ വന്നുതുടങ്ങിയിരുന്നു. ഇതെല്ലാം സിനിമയുടെ കളക്ഷനെ ബാധിച്ചെന്നാണ് നിർമാതാക്കളുടെ ആരോപണം.

തീയേറ്ററിനുള്ളില്‍ കടന്ന് യൂട്യൂബർമാരും ഓണ്‍ലൈൻ ചാനലുകളും റിവ്യൂ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തീയേറ്റർ ഉടമകള്‍ക്ക് നിർമാതാക്കളുടെ സംഘടന കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹർജിയെത്തിയത്. റിലീസിന്റെ ആദ്യ മൂന്ന് ദിവസം സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ വരുന്ന ഓണ്‍ലൈൻ റിവ്യൂകള്‍ തടയണം. ഇതിന് വേണ്ട നിർദേശങ്ങള്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ പുറപ്പെടുവിക്കണമെന്നും ഹർജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *