‘ആദ്യം വാറോല കൈപ്പറ്റട്ടെ’; സസ്‌പെൻഷനില്‍ പരിഹാസവുമായി എൻ. പ്രശാന്ത്

സസ്‌പെൻഷൻ നടപടിയെ പരിഹസിച്ച്‌ എൻ. പ്രശാന്ത് ഐഎഎസ്. വാറോല കൈപ്പറ്റിയ ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും എല്ലാവരെയും സുഖിപ്പിച്ചു സംസാരിക്കല്‍ നടക്കില്ലെന്നും പ്രശാന്ത് പറഞ്ഞു.

ശരിയെന്ന് കരുതുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ല. അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുള്ള അവകാശമാണെന്നും എൻ. പ്രശാന്ത് പറഞ്ഞു.

ചീഫ് സെക്രട്ടറിയില്‍നിന്ന് സസ്‌പെൻഷൻ ഉത്തരവ് കൈപറ്റാനായി സെക്രട്ടറിയേറ്റിലേക്കു പുറപ്പെടുന്നതിനുതൊട്ടുമുൻപാണ് പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്‌പെൻഷനാണ്. സ്‌കൂളിലോ കോളജിലോ പഠിക്കുമ്ബോള്‍ പോലും സസ്‌പെൻഷൻ കിട്ടിയിട്ടില്ല. സസ്‌പെൻഷൻ ഉത്തരവ് കൈപ്പറ്റിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യമുണ്ട്. മൗലികാവകാശങ്ങളുടെ ഭാഗമാണിത്. ശരിയെന്നു കരുതുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലെന്നാണു വിശ്വസിക്കുന്നത്. പെരുമാറ്റച്ചട്ടം മാത്രമാണ് ഞങ്ങള്‍ക്ക് ബാധകമായിട്ടുള്ളത്. ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ പറുന്നതില്‍ തെറ്റില്ല. ഭരണഘടന നല്‍കുന്ന അവകാശങ്ങളാണ് ഞാൻ പറയുന്നത്. അതിന് കോർണർ ചെയ്യേണ്ട ആവശ്യമില്ലെന്നും താൻ നിയമം പഠിച്ച ആളാണെന്നും അദ്ദേഹം പറഞ്ഞു.

അഡിഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ നടത്തിയ ‘ചിത്തരോഗി’ പരാമർശം ഭാഷാപരമായ പ്രയോഗം മാത്രമാണെന്നും അദ്ദേഹം വാദിച്ചു. മലയാളത്തില്‍ ഇത്തരത്തില്‍ നിരവധി പഴംചൊല്ലുകളും പ്രയോഗങ്ങളുമുണ്ട്. എല്ലാവരെയും സുഖിപ്പിച്ചു സംസാരിക്കല്‍ നടക്കില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.

ജയതിലകിനും വ്യവസായ വകുപ്പ് ഡയരക്ടറായിരുന്ന കെ. ഗോപാലകൃഷ്ണനുമെതിരെ സോഷ്യല്‍ മീഡിയില്‍ നടത്തിയ പരസ്യ വിമർശനത്തിനു പിന്നാലെയാണ് എ. പ്രശാന്തിനെതിരെ സർക്കാർ നടപടി സ്വീകരിച്ചത്. മല്ലു ഹിന്ദു വാട്‌സ്‌ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ. ഗോപാലകൃഷ്ണനെതിരെയും നടപടി സ്വീകരിച്ചിരുന്നു. രണ്ടുപേരെയും സസ്‌പെൻഡ് ചെയ്താണ് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്. ചീഫ് സെക്രട്ടറിയുടെ ശിപാർശ പ്രകാരമായിരുന്നു നടപടി.

Leave a Reply

Your email address will not be published. Required fields are marked *