ആദിവാസി യുവാവിനെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം.
സംസ്ഥാന പൊലീസ് മേധാവി ഡോ. ദർവേഷ് സാഹിബിനാണ് മുഖ്യമന്ത്രി നിർദേശം നല്‍കിയത്.
പയ്യംമ്ബള്ളി കൂടല്‍ക്കടവ് ചെമ്മാട് പട്ടികവർഗ ഉന്നതിയിലെ മാതനെയാണ് റോഡിലൂടെ കാറില്‍ വലിച്ചിഴച്ചത്. വിഷയം ശ്രദ്ധയില്‍പെട്ട ഉടൻ പട്ടികജാതി പട്ടിക വർഗ വിഭാഗ ക്ഷേമ മന്ത്രി ഒ ആർ കേളുവും ഇടപെട്ടിരുന്നു. കുറ്റവാളികള്‍ക്കെതിരെ അടിയന്തരമായി കർശന നടപടി സ്വീകരിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി നിർദേശം നല്കി. സംഭവത്തില്‍ മാനന്തവാടി പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പട്ടികവർഗക്കാരനായ യുവാവിനെതിരായ ആക്രമണത്തെ വളരെ ഗൗരവമായി കാണുന്നതെന്ന് ഒ ആർ കേളു പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി കർശന ശിക്ഷ നല്‍കുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ ഇതിനകം സ്വീകരിച്ചു. യുവാവിന് ആവശ്യമായ വിദഗ്ധ ചികിത്സ നല്കാൻ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനും പട്ടിക വർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്കും മന്ത്രി നിർദേശം നല്‍കിയിരുന്നു.