ആത്തച്ചക്ക കാൻസറിനെ തടയുമോ? ഈ മുള്ളൻ പഴം കുഴപ്പക്കാരനാണോ? ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ

ആരോഗ്യ, ചർമസംരക്ഷണ വിഷയങ്ങള്‍ക്കെല്ലാം സമൂഹ മാദ്ധ്യമങ്ങളുടെ സ്വാധീനം വളരെ വലുതാണ്. അടുത്തിടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ താരമായി മാറിയിരിക്കുന്ന പഴമാണ് ആത്തച്ചക്ക.

കാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങള്‍ ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ടെന്ന പ്രചാരണമാണ് ഇതിനുപിന്നില്‍. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?

ലോകമെമ്ബാടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ധാരാളമായി വളരുന്ന ഫലവൃക്ഷമാണിത്. മുള്ളുകളോടുകൂടിയ ഇരുണ്ട പച്ച പഴത്തിന്റെ ഉള്ളിലെ മാംസള ഭാഗത്തിന് പുളിയോടുകൂടിയ മധുരമാണ്. അധികം പരിചരണമൊന്നും ആവശ്യമില്ലാത്തതിനാല്‍ കേരളത്തിലെ മിക്കവാറും വീടുകളും പറമ്ബുകളിലും ആത്തി ചെടിയുണ്ട്‌. ആത്തപ്പഴത്തിന് കാൻസറിനെ പ്രതിരോധിക്കാനാകുമെന്ന അവകാശവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനുമുൻപും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സപ്ലിമെൻ്റുകള്‍, ജ്യൂസുകള്‍, പ്രോട്ടീൻ പൗഡറുകള്‍ എന്നിങ്ങനെ ഈ പഴമടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിപണിയിലെ കുതിപ്പിന് ഇത് കാരണമായി.

കാൻസറിന് കീമോ തെറാപ്പി ചെയ്യുന്നത് പോലെ ഫലപ്രദമാണ് ആത്തപ്പഴം കഴിക്കുന്നതെന്നാണ് പ്രചാരണം. എന്നാല്‍ ഇതിന് ആധികാരികമായ ഒരു തെളിവും ഇന്നേവരെ കണ്ടെത്തിയിട്ടില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പഴത്തില്‍ ഉയർന്ന അളവില്‍ ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ക്യാൻസറിനെ സുഖപ്പെടുത്തുമെന്ന് കാണിക്കുന്ന ഒരു പഠനവുമില്ലെന്ന് ഡോക്ടർമാർ പറയുന്നു.

അതേസമയം കാൻസറിനെ പ്രതിരോധിക്കുന്നതില്‍ പങ്കൊന്നുമില്ലെങ്കിലും സമ്ബന്നമായ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ആത്തപ്പഴം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ദഹനത്തിനും രക്തസമ്മർദം നിയന്ത്രിക്കാനും ഈ പഴം കഴിക്കുന്നത് നല്ലതാണ്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാക്കി നിലനിർത്താനും സഹായിക്കും. എന്നാല്‍ ഇവയുടെ സപ്ലിമെൻ്റുകളും മറ്റ് ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന് ഡോക്ടർമാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *