ആണവായുധ നയത്തില്‍ മാറ്റം വരുത്തി പുടിൻ; റഷ്യയുടെ പ്രത്യാക്രമണത്തില്‍ കരുതലോടെ യുറോപ്പും യു.എസും

ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട നയത്തില്‍ മാറ്റം വരുത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ അറിയിച്ചതിന് പിന്നാലെ യുറോപ്പില്‍ ആശങ്ക.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റഷ്യ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ പുതിയ യുദ്ധമുഖം തുറക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൂടി നല്‍കിയതോടെയാണ് യുറോപ്പ് കനത്ത ജാഗ്രത പുലർത്തുന്നത്. ഹൈബ്രിഡ് യുദ്ധമുഖം റഷ്യ തുറക്കുമെന്നാണ് റിപ്പോർട്ടുകള്‍.

യു.എസ് നിർമിത ദീർഘദൂര മിസൈലുകള്‍ റഷ്യയില്‍ ഉപയോഗിക്കാൻ ബൈഡൻ അനുമതി നല്‍കിയതോടെയാണ് പുതിയ യുദ്ധമുഖം തുറന്നത്. ഇതിന് പിന്നാലെ ആണവനയത്തില്‍ മാറ്റം വരുത്തുമെന്ന് വ്ലാഡമിർ പുടിൻ അറിയിച്ചിരുന്നു. ആണവായുധ രാജ്യങ്ങള്‍ പിന്തുണക്കുന്ന ആണവായുധശേഷിയില്ലാത്ത രാജ്യങ്ങള്‍ക്കെതിരെയും ന്യൂക്ലിയർ ആയുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിക്കുമെന്നാണ് പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

യുറോപ്പില്‍ മാത്രമല്ല മിഡില്‍ ഈസ്റ്റിലും ഇൻഡോ-പസഫിക് മേഖലയില്‍ റഷ്യൻ ആക്രമണത്തിന്റെ അനുരണനങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയുടെ ആക്രമണത്തെ കുറിച്ച്‌ ചർച്ച ചെയ്യാൻ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, പോളണ്ട്, സ്പെയിൻ, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.

റഷ്യ തുറക്കാൻ സാധ്യതയുള്ള ഹൈബ്രിഡ് യുദ്ധമുഖത്തെ സംബന്ധിച്ച്‌ ആശങ്കയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ട്. നേരത്തെ റഷ്യ ഫൈബർ ഒപ്ടിക് ശൃംഖലയില്‍ ആക്രമണം നടത്തിയത് പോലുള്ള സംഭവങ്ങള്‍ തുടർന്നും ഉണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *