ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി മിഥുൻ മാനുവല്‍ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ആട് 3 ജനുവരിയില്‍ ആരംഭിക്കും.
കത്തനാർ എന്ന ചിത്രത്തിന് ശേഷം ത്രിഡിയില്‍ ഒരുങ്ങുന്ന ജയസൂര്യ ചിത്രമാണ് ആട് 3. ഫ്രൈ ഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് നിർമ്മാണം. ആട് 2ല്‍ അഭിനയിച്ച താരങ്ങള്‍ എല്ലാവരും ആട് 3 ല്‍ ഉണ്ടാവും. 2015 ല്‍ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലൂടെയാണ് മിഥുൻ മാനുവല്‍ തോമസ് സംവിധായകനായി എത്തുന്നത്. ഷാജി പാപ്പനെയും പിള്ളേരെയും ആദ്യ വരവില്‍ പ്രേക്ഷകർ അത്ര കണ്ടു സ്നേഹിച്ചില്ല. എന്നാല്‍ 2017 ല്‍ എത്തിയ ആട് 2 സൂപ്പർ ഹിറ്റാവുകയും ചെയ്തു. ജയസൂര്യ, സൈജു കുറുപ്പ്, ഇന്ദ്രൻസ്, ധർമ്മജൻ ബോള്‍ഗാട്ടി, വിജയ് ബാബു എന്നിവരുടെ കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായത്. ആൻ മരിയ കലിപ്പിലാണ്, അലമാര, അർജന്റീന ഫാൻസ് കാട്ടൂർ കടവ്, അഞ്ചാംപാതിര, അബ്രഹാം ഓസ്‌ലർ എന്നിവയാണ് മിഥുൻ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമകള്‍. ഗരുഡൻ, ഫീനിക്സ്, ടർബോ എന്നീ ഹിറ്റു ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയതും മിഥുൻ മാനുവല്‍ തോമസാണ്. ഏഴുവർഷത്തിനുശേഷമാണ് ആട് 2 ന് മൂന്നാം ഭാഗം. തിരക്കഥ പൂർത്തിയായ വിവരം മിഥുൻ മാനുവല്‍ തോമസ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.
അതേസമയം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കത്തനാർ പൂർത്തിയാക്കുന്ന തിരക്കിലാണ് ജയസൂര്യ. അമാനുഷിക കഴിവുകളുള്ള വൈദികൻ കടമറ്റത്ത് കത്തനാറിന്റെ ജീവിതം പറയുന്ന ചിത്രമാണ് കത്തനാർ ദ് വൈല്‍ഡ് ബോർഡറർ. തെന്നിന്ത്യൻ താരസുന്ദരി അനുഷ്മ ഷെട്ടിയാണ് നായിക.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ളീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ , റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമ്മൻ തുടങ്ങി ഒട്ടേറെ ഭാഷകളില്‍ കത്തനാർ പുറത്തിറങ്ങും. ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.