ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. 24 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 50 പേർ കൊല്ലപ്പെട്ടു.
ഒരു വർഷത്തിലേറെയായി ഗാസയില്‍ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളില്‍ ഇതുവരെ 43,972പേരാണ് കൊല്ലപ്പെട്ടത്. 1.04 ലക്ഷം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
അതേസമയം, ഹിസ്ബുള്ളയ്‌ക്കെതിരേ ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടിക്കിടെ ചൊവ്വാഴ്ച ഒരു ഇസ്രയേലി പട്ടാളക്കാരൻ കൊല്ലപ്പെട്ടു. ഇതോടെ, ലെബനനില്‍ കൊല്ലപ്പെടുന്ന ഇസ്രയേലി പട്ടാളക്കാരുടെ എണ്ണം 49 ആയി. അതിനിടെ, ഹമാസിന്റെ ദോഹയിലെ രാഷ്ട്രീയകാര്യ ഓഫീസ് സ്ഥിരമായി അടച്ചിട്ടില്ലെന്ന് ഖത്തർ പറഞ്ഞു. വെടിനിർത്തല്‍ചർച്ചകളോട് മുഖംതിരിച്ചെന്നാരോപിച്ച് ഹമാസ് നേതാക്കളോട് രാജ്യത്തുനിന്നുപോകാൻ ഖത്തർ ഉത്തരവിട്ടെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേല്‍ ആക്രമിച്ച് ഹമാസ് ബന്ദികളാക്കിയ ഓരോവ്യക്തിക്കും 50 ലക്ഷം ഡോളർ(ഏകദേശം 42 കോടിരൂപ) സഹായധനം നല്‍കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. തെക്കൻ ലെബനനിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ നാല് യു.എൻ. സമാധാനസേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ലെബനനിലെ 34 പൈതൃകകേന്ദ്രങ്ങള്‍ക്കുള്ള സുരക്ഷ യുനെസ്കോ വർധിപ്പിച്ചു. ലെബനന്റെ പാർലമെന്റ് കെട്ടിടത്തിനുസമീപവും ആക്രമണമുണ്ടായി.
അതിനിടെ, ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവന്ന നൂറിലേറെ ലോറികള്‍ കൊള്ളയടിക്കപ്പെട്ടെന്ന് പലസ്തീൻ അഭയാർഥികള്‍ക്കുള്ള യു.എൻ. ഏജൻസിയായ ഉൻറ പറഞ്ഞു. കൊള്ളക്കാർക്കുനേരേ നടത്തിയ നടപടിയില്‍ 20 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് പറഞ്ഞു. ലെബനനില്‍ വെടിനിർത്തല്‍ കൊണ്ടുവന്നാലും ഹിസ്ബുള്ളയ്ക്കെതിരേ പോരാട്ടം തുടരുമെന്ന് നെതന്യാഹു പറഞ്ഞു.