ആകാശപ്പാത: തിരുവഞ്ചൂര്‍ ഉപവാസ സമരത്തിലേക്ക്

ആകാശപ്പാത നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരത്തിലേക്ക്.

കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ആറിന് ശീമാട്ടി റൗണ്ടാനയ്ക്കു സമീപം ഉപവാസസമരം നടത്തുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. നിര്‍മാണം മുടങ്ങിക്കിടക്കുന്ന ആകാശപ്പാതയെ ബിനാലെ കലാകാരന്‍ നിര്‍മിച്ചതാണെന്നു പറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ കോട്ടയത്തെ ജനങ്ങളെ അപമാനിച്ചു. ആകാശപ്പാത പൊളിച്ചുനീക്കണമെന്നു പറഞ്ഞതിന്‍റെ കാരണം മന്ത്രി വ്യക്തമാക്കണം. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കോട്ടയത്തെ ആകാശപ്പാതയ്ക്കൊപ്പം പ്രഖ്യാപിച്ച തിരുവനന്തപുരം, തൃശൂര്‍ അകാശപ്പാതകള്‍ പൂര്‍ത്തിയായി. കോട്ടയത്തെ പദ്ധതിയെ ചവിട്ടുകയാണെന്നും എംഎല്‍എ പറഞ്ഞു.

ആകാശപ്പാതയ്ക്ക് അനുവദിച്ച പണം ഇപ്പോഴും സർക്കാർ ഖജനാവിലുണ്ട്. ആകാശപ്പാത പറ്റില്ലെന്നു പറയാനുള്ള കാരണം വ്യക്തമാക്കണം. ലിഫ്റ്റ് സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുക്കേണ്ടതില്ല. ഇതിനു സ്ഥലം മുന്‍പേ ഏറ്റെടുത്തിട്ടുണ്ട്. പ്ലാന്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ആകാശപ്പാത വിഷയത്തില്‍ തുടര്‍സമരം ഡിസിസിയും ബ്ലോക്ക് കമ്മിറ്റികളും ഏറ്റെടുത്തതായി ബ്ലോക്ക് പ്രസിഡന്‍റുമാരായ സിബി ജോണ്‍ കൊല്ലാട്, ജയചന്ദ്രന്‍ ചീറോത്ത് എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *