പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സുമതി വളവിന്റെ ചിത്രീകരണം ആരംഭിച്ചു. മലയാള സിനിമകളുടെ ഭാഗ്യ ലൊക്കേഷനെന്ന് വിശേഷിപ്പിക്കുന്ന പാലക്കാടാണ് ചിത്രീകരണം ആരംഭിച്ചത്.
മാളികപ്പുറത്തിന്റെ അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സുമതി വളവ്. തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
‘എല്ലാവരുടെയും അനുഗ്രഹത്തോടെ മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷനായ പാലക്കാടിന്റെ മണ്ണില്‍ മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ഞങ്ങളുടെ പുതിയ സിനിമയായ സുമതി വളവ് തുടങ്ങുന്നു. ഇനിയുള്ള 85 ദിവസങ്ങള്‍ പാലക്കാട് ജീവിതം’- എന്ന് അഭിലാഷ് പിള്ള കുറിച്ചു.
അഭിലാഷ് പിള്ള തിരക്കഥ രചിച്ച് വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ സിനിമയാണ് സുമതി വളവ്. അർജുൻ അശോകനാണ് നായകൻ. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ഹൊറർ കോമഡി ജോണറിലാണ് ഉള്‍പ്പെടുന്നത്. വാട്ടർമാൻ ഫിലിംസിന്റെ ബാനറില്‍ മുരളി കുന്നുംപുറത്ത് നിർമിക്കുന്ന ചിത്രത്തില്‍ മാളവിക മനോജ്, ശ്യാം മോഹൻ, സജിൻ ഗോപു, ലാല്‍, സൈജു കുറുപ്പ്, ജയകൃഷ്ണൻ, ദേവനന്ദ, ശ്രീപഥ്, മണിയൻപിള്ള രാജു, ഗോപിക എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്.
തിരുവനന്തപുരം പാലോടുള്ള മലയോര ഗ്രാമത്തിലാണ് സുമതി വളവ്. ഇവിടെ സുമതി എന്ന സ്ത്രീ കൊല്ലപ്പെടുകയും രാത്രികാലങ്ങളില്‍ ഇതുവഴി സഞ്ചരിച്ച പലരും സുമതിയുടെ ആത്മാവിനെ കണ്ട് ഭയന്നതായും അപകടത്തില്‍ ചാടിയതായുമുളള കഥകള്‍ നേരത്തെ മുതല്‍ പ്രചരിച്ചിരുന്നു. ഇതിനെ ആസ്പദമാക്കിയാണ് സിനിമ.