പാലക്കാട്
; എ വി ഗോപിനാഥ്
‘എല്ലാ മണ്ഡലങ്ങളിലെയും പ്രമുഖരെ ഒപ്പം ചേർക്കാൻ അൻവറിന് പദ്ധതിയുണ്ട്’
പി വി അൻവർ തന്നെ വന്ന് കണ്ടിരുന്നുവെന്നും ഒപ്പം നിൽക്കാൻ ആവശ്യപ്പെട്ടെന്നും സ്ഥിരീകരിച്ച് എ വി ഗോപിനാഥ്. യുഡിഎഫിനൊപ്പം നിൽക്കാനാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ താൻ അത് നിരസിച്ചതായും എ വി ഗോപിനാഥ് വെളിപ്പെടുത്തി.
താനുമായി പി വി അൻവർ നേരിട്ട് കൂടിക്കാഴ്ച്ച നടത്തിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു എ വി ഗോപിനാഥ്. അൻവറിന്റേത് വലിയ പദ്ധതികളാണ് എന്നും തന്നോട് യുഡിഎഫിനൊപ്പം നിൽക്കാൻ അൻവർ ആവശ്യപ്പെട്ടെന്നും ഗോപിനാഥ് പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലെയും പ്രമുഖരെ ഒപ്പം ചേർക്കാൻ അൻവറിന് പദ്ധതിയുണ്ട്. അൻവർ പലതും വാഗ്‌ദാനം ചെയ്‌തെങ്കിലും യുഡിഎഫിനൊപ്പം നിൽക്കുന്ന പരിപാടിക്ക് ഇല്ലെന്ന് താൻ അറിയിച്ചു. തൻ്റെ മനസ് സിപിഐഎമ്മിനും ഇടതുപക്ഷത്തിനും ഒപ്പമാണ് എന്നും നിലവിൽ അതിൽ നിന്ന് മാറ്റമുണ്ടാവില്ലെന്നും ഗോപിനാഥ് ഉറപ്പിച്ചുപറഞ്ഞു. യുഡിഎഫിലേക്കുള്ള പാലമായി പ്രവർത്തിക്കേണ്ടെന്ന് അൻവറിനെ അറിയിച്ചതായും ഗോപിനാഥ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ ഗോപിനാഥിന്റെ വീട്ടിൽവെച്ചായിരുന്നു അൻവറിന്റെ കൂടിക്കാഴ്ച. തന്നോടൊപ്പം ചേർന്ന് പ്രവർത്തിക്കാനും യുഡിഎഫിനൊപ്പം നിൽക്കാനും ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. എന്നാൽ യുഡിഎഫിനൊപ്പം നിൽക്കാൻ താല്പര്യമില്ലെന്നും ജനകീയ വികസന മുന്നണിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് താത്പര്യമെന്നും അൻവറിനെ ഗോപിനാഥ് അറിയിച്ചിരുന്നു.
സ്വന്തം പാർട്ടികളുമായി ഇടഞ്ഞ് നിൽക്കുന്ന നേതാക്കളുമായി അൻവർ കൂടിക്കാഴ്ച നടത്താറുണ്ട്. ഇത്തരത്തിൽ സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രനുമായും അൻവർ ജനുവരി ആദ്യവാരം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടതു വിമതരെ ഒപ്പം ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ)യ്ക്ക് ഇടുക്കിയില്‍ അനൗദ്യോഗിക ജില്ലാ കമ്മിറ്റി രൂപീകരിച്ചുവെന്നും വിവരങ്ങൾ ഉണ്ടായിരുന്നു.