അൻവറിനെ സ്വീകരിക്കുന്നത് ആലോചിക്കാനൊരുങ്ങി യുഡിഎഫ്;

തിരുവനന്തപുരം

വി ഡി സതീശന്റെ നിലപാട് നിർണായകം
നിലവിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടും അൻവറിന് അനുകൂലമാണ്

പി വി അൻവറിനെ എങ്ങനെ പരിഗണിക്കണമെന്ന കാര്യം കെപിസിസി ചർച്ച ചെയ്യും. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് അന്‍വര്‍ പരസ്യപ്രതികരണം നടത്തിയതോടെയാണ് യുഡിഎഫ് അൻവറിനെ പരിഗണിക്കാനൊരുങ്ങുന്നത്.

അൻവറിനെ അവഗണിക്കുന്നത് ഗുണകരമല്ലെന്നും പിന്തുണ അനിവാര്യമാണെന്നും കോൺഗ്രസിനുള്ളില്‍ പലതരത്തിലുള്ള വിലയിരുത്തലുകളുണ്ട്. കൂടുതൽ നേതാക്കൾ അൻവറിനെ അനുകൂലിച്ചുകൊണ്ട് സമ്മർദ്ദം ചെലുത്തുന്നുമുണ്ട്. വി ഡി സതീശനെതിരായ ആരോപണങ്ങളിൽ അൻവർ മാപ്പ് പറഞ്ഞതോടെ, ഇക്കാര്യത്തിൽ വി ഡി സതീശന്റെ നിലപാട് എന്താകുമെന്നും നിർണായകമാണ്. നിലവിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടും അൻവറിന് അനുകൂലമാണ്.

കഴിഞ്ഞ ദിവസം വി ഡി സതീശനെതിരെ താൻ ഉന്നയിച്ച ആരോപണങ്ങളിൽ പി വി അൻവർ മാപ്പ് പറഞ്ഞിരുന്നു. ഈ മാപ്പ് സതീശൻ സ്വീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് അൻവറിന്റെ മുന്നണി പ്രവേശനത്തിൽ തന്റെ വ്യക്തിപരമായ എതിർപ്പ് ബാധകമല്ല എന്നും എനിക്ക് അൻവറിനോട് ഒരു എതിർപ്പും ഇല്ല എന്നും സതീശൻ തുറന്നുപറഞ്ഞിരുന്നു. ഈ നിലപാട് കെപിസിസി യോഗത്തിലും ആവർത്തിക്കുമോ എന്നാണ് ഇനി നോക്കിക്കാണേണ്ടത്.

ഇന്നലെ എംഎൽഎ സ്ഥാനം രാജിവെച്ച ശേഷം പി വി അൻവർ ശശിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വി ഡി സതീശനെതിരെ നിയമസഭയില്‍ അൻവർ ഉന്നയിച്ച 150 കോടിയുടെ അഴിമതി ആരോപണം പി ശശിയുടെ നിർദേശപ്രകാരമാണെന്നായിരുന്നു അൻവറിന്‍റെ വെളിപ്പെടുത്തല്‍. തുടർന്ന് പ്രതിപക്ഷ നേതാവിനോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. നിരന്തരം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളില്‍ അമര്‍ഷം ഉണ്ടായിരുന്നു. അങ്ങനെയാണ് പി ശശിയുടെ നിര്‍ദേശ പ്രകാരം അഴിമതി ആരോപണം ഉന്നയിച്ചതെന്നും അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *