തൃശൂരില്‍ കെ മുരളീധരന്റെ പരാജയത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച മൂന്നംഗസമിതി മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കി.
തിരഞ്ഞെടുപ്പിന് മുമ്ബ് വോട്ടുചേര്‍ക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വീഴ്ച്ച സംഭവിച്ചതായി ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ മൊഴി നല്കി. കെ സി ജോസഫ് അധ്യക്ഷനായ സമിതിയില്‍ ടി സിദ്ദിഖ്, ആര് ചന്ദ്രശേഖര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.
തൃശൂരിലെ കനത്ത തോല്‍വിയും തോല്‍വിയെ തുടര്‍ന്ന് ഉണ്ടായ കയ്യാങ്കളിയും അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. രണ്ട് ദിവസങ്ങളിലായി നടന്ന സിറ്റിംഗാണ് പൂര്‍ത്തീകരിച്ചത്. സംസ്ഥനതലം മുതല്‍ പ്രദേശികതലം വരെയുള്ള വീഴ്ചകള്‍ പ്രവര്‍ത്തകരും നേതാക്കളും സമിതിക്ക് മുമ്ബാകെ അവതരിപ്പിച്ചു. അവസാന ഘട്ടത്തിലെ സ്ഥാനാര്‍ത്ഥി മാറ്റം തിരിച്ചടിയായെന്ന് നേതാക്കള്‍ മൊഴി നല്കി.
സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഉയരാന്‍ മുരളീധരനായില്ലെന്ന വിമര്‍ശനവും നേതാക്കള്‍ ഉയര്‍ത്തി. ബിജെപിയുടെ ചിട്ടയായ പ്രവര്‍ത്തനവും പണവും വിജയത്തിന് അടിസ്ഥാനമായെന്ന് ഒരു വിഭാഗം നേതാക്കള്‍ പറഞ്ഞു.
ജില്ലാതലത്തിലെ ഏകോപനമില്ലായ്മ വന്‍തോതില്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. പ്രാദേശികതലം മുതല്‍ ജില്ലാതലം വരെ പല മുതിര്‍ന്ന നേതാക്കളും തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നതായും പ്രവര്‍ത്തകര്‍ മൊഴി നല്കി.