അവധിയാണെങ്കിലും കുട്ടികളെ പുറത്തേക്ക് വിടുന്നതും വിനോദ കേന്ദ്രങ്ങളിലേക്ക് പോകുന്നതും നിര്‍ബന്ധമായും ഒഴിവാക്കണം ; മുന്നറിയിപ്പുമായി സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോടും കണ്ണൂരും അടക്കമുള്ള ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളിലും കനത്ത മഴ പെയ്യുകയാണ്. ഈ സാഹചര്യത്തില്‍ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കണ്ണൂര്‍ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകളും ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.

ഏവര്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. മഴക്കെടുതിയില്‍ പ്രയാസപ്പെടുമ്ബോള്‍, ഏറെ ജാഗ്രത പുലര്‍ത്തണമെന്നും അവധികള്‍ അപകടങ്ങള്‍ ഒഴിവാക്കാനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സാദിഖലി തങ്ങളുടെ കുറിപ്പ്

കേരളമാകെ മഴക്കെടുതിയില്‍ പ്രയാസപ്പെടുകയാണ്. ഏറെ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. സ്‌കൂളുകള്‍ക്കും, മദ്രസകള്‍ക്കും അവധി പ്രഖ്യാപിച്ചത് അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ്. അവധിയാണെന്ന് കരുതി കുട്ടികളെ പുറത്തേക്ക് വിടുന്നതും വിനോദ കേന്ദ്രങ്ങളിലേക്ക് പോകുന്നതും നിര്‍ബന്ധമായും ഒഴിവാക്കണം.
അപകടമുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കണം. പ്രായമായവരെയും വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവരെയും പ്രത്യേകം ശ്രദ്ധിക്കണം. ജില്ലാ ഭരണകൂടങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സഹകരിക്കണം. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും മഴയുമായി ബന്ധപ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായമെത്തിക്കാനും ജില്ല, മണ്ഡലം കമ്മിറ്റികള്‍ ഏകോപിച്ച്‌ ദുരിതാശ്വാസ പ്രവര്‍ത്തനം നിരീക്ഷിക്കണം.

തീരദേശ മേഖലകളില്‍ പ്രയാസം നേരിടുന്നവര്‍ക്ക് സഹായമെത്തിക്കണം. വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കണം. വരും ദിവസങ്ങളിലും മഴ തുടര്‍ന്നേക്കാം. വലിയ പ്രയാസങ്ങളില്‍നിന്ന് നാഥന്‍ നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.

Leave a Reply

Your email address will not be published. Required fields are marked *