നടൻ അല്ലു അർജുന് വമ്ബൻ വരവേല്‍പ്പ് നല്‍കി ആരാധകർ. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ മലയാളി ആരാധകരുള്ള താരത്തിനെ സ്വീകരിക്കാനായി നൂറുകണക്കിന് പേരാണ് കൊച്ചി വിമാനത്താവളത്തിന് പുറത്തെത്തിയത്.
പുഷ്പ – 2 ന്റെ പ്രമോഷന്റെ ഭാഗമായാണ് അല്ലു അർജുൻ കൊച്ചിയിലെത്തിയത്. രശ്മിക മന്ദാനയും പുഷ്പയുടെ മറ്റ് അണിയറ പ്രവർത്തകരും അല്ലു അർജുനൊപ്പമുണ്ടായിരുന്നു.
മുന്നിലേക്ക് നീങ്ങാൻ പോലും സാധിക്കാത്തവിധം അല്ലുവിനെ ആരാധകർ പൊതിഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് തുറന്ന വാഹനത്തില്‍ കയറിയ അല്ലു അർജുൻ ആരാധകരെ അഭിവാദ്യം ചെയ്യുകയും തൊഴുകയ്യോടെ നന്ദി അറിയിക്കുകയും ചെയ്തു. ആരാധകരെ കണ്ട് അമ്ബരന്ന് നില്‍ക്കുന്ന അല്ലു അർജുന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
ആരാധകരുടെ ബഹളത്തിനും ആർപ്പുവിളിക്കും നടുവില്‍ ചെവിപൊത്തി നില്‍ക്കുകയാണ് അല്ലു അർജുൻ. താരത്തിന്റെ സുരക്ഷാ സംഘവും പൊലീസും പണിപെട്ടാണ്
അല്ലു അർജുന്റെ വാഹനത്തിന് പുറത്തേക്ക് കടക്കാനുള്ള വഴിയൊരുക്കിയത്.
മലയാളികളുടെ മനസില്‍ ഇടംനേടിയ പാൻ ഇന്ത്യൻ താരമാണ് അല്ലു അർജുൻ. ഒരു തെന്നിന്ത്യൻ താരം എന്ന നിലയ്‌ക്ക് മറ്റൊരാള്‍ക്കും അവകാശപ്പെടാൻ കഴിയാത്തത്ര സ്ഥാനം മലയാളികള്‍ക്കിടയില്‍ അല്ലു അർജുൻ നേടിയെടുത്തിട്ടുണ്ട്. താരത്തിന്റെ സിനിമകള്‍ക്ക് അന്നും ഇന്നും ആസ്വാദകർ ഏറെയാണ്. 90 കിഡ്ഡുകളുടെ സൂപ്പർ ഹീറോ എന്നാണ് അല്ലുവിനെ മലയാളികള്‍ വിശേഷിപ്പിക്കുന്നത്.
ലോകമൊട്ടാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു അല്ലു അർജുന്റെ പുഷ്പ ദ റൈസ്. ചിത്രത്തിന്റെ രണ്ടാം ഭാഗം സമാനതകളില്ലാത്ത ദൃശ്യവിരുന്ന് നല്‍കുമെന്നാണ് റിപ്പോർട്ട്. ഡിസംബർ അഞ്ചിനാണ് പുഷ്പ-2 തിയേറ്ററുകളിലെത്തുന്നത്.