രക്ഷിതാക്കള്‍ കടംകൊടുത്ത പണം തിരികെചോദിച്ചതിന് കോളേജ് വിദ്യാർഥിയെ സഹപാഠികള്‍ കൊന്നുകുഴിച്ചുമൂടി. കാഞ്ചീപുരം വാലാജാബാദ് അയ്യമ്ബേട്ട സ്വദേശി രുദ്രകോടിയുടെയും മോഹന പ്രിയയുടെയും മകൻ ധനുഷ് (21) ആണ് മരിച്ചത്.
സഹപാഠികളായ വിശ്വ, സുന്ദർ എന്നിവരെ അറസ്റ്റുചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ധനുഷിനെ കാണാതായത്. മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. അതിനിടെ വ്യാഴാഴ്ച രാത്രി വില്ലിവളത്തെ കുളത്തില്‍ അറ്റുപോയകാല്‍ പ്രദേശവാസികള്‍ കണ്ടെത്തി. അന്വേഷണത്തില്‍ പാലാർ നദിയുടെ തീരത്ത് ധനുഷിന്റെ മൃതദേഹം അഴുകിയനിലയില്‍കണ്ടെത്തി.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിേശാധിച്ചപ്പോള്‍ ധനുഷിന്റെ വീട്ടിനു മുന്നിലൂടെ വിശ്വയുടെകാർ പോയതായികണ്ടെത്തി. വിശ്വയെ ചോദ്യംചെയ്തപ്പോള്‍ താനും സുഹൃത്തായ സുന്ദറും ചേർന്നാണ് കൊലപതാകം നടത്തിയതെന്നു സമ്മതിച്ചു.
പുതിയബൈക്ക് വാങ്ങാനും വീടുനന്നാക്കാനുമായി ധനുഷിന്റെ മാതാപിതാക്കളില്‍നിന്ന് വിശ്വ പത്തുലക്ഷം രൂപയോളം പലിശയ്ക്കുവാങ്ങിയിരുന്നു. പണംതിരികെ നല്‍കാൻ ധനുഷ് ആവശ്യപ്പെട്ടപ്പോഴാണ് കൊല്ലാൻ തീരുമാനിച്ചത്. കാറില്‍ കയറ്റി കയറുകൊണ്ട് കഴുത്ത്ഞെരിച്ച് കൊന്നശേഷം മൃതദേഹം പാലാർനദിക്കരയില്‍ കുഴിച്ചിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.