അര്‍ജുനെ കണ്ടെത്താൻ ഡീപ്പ് സെര്‍ച്ച്‌ മെറ്റല്‍ ഡിറ്റക്‌ടര്‍ ഉടനെത്തും; ലോറി അപകടസ്ഥലം കടന്നുപോയിട്ടില്ലെന്ന് സ്ഥിരീകരണം

ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ ലോറിയോടൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ഏഴാംദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.

അർജുന്റെ ലോറി കരയിലുണ്ടാകാൻ 99 ശതമാനവും സാദ്ധ്യതയില്ലെന്നാണ് ഉത്തര കന്നട ജില്ലാ കളക്‌ടർ ലക്ഷ്മി പ്രിയ പറയുന്നത്. വാഹനം ഗംഗാവലി പുഴയിലുണ്ടാകാനാണ് സാദ്ധ്യത. അവ്യക്തമായ ചില സിഗ്നലുകള്‍ ലഭിച്ചിട്ടുണ്ട്. അത് എന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല. മണ്ണിടിച്ചിലിന് പത്തുമിനിട്ട് മുൻപുള്ള അപകടസ്ഥലത്തെ ദൃശ്യങ്ങള്‍ ഇന്ന് ലഭിക്കുമെന്നും കളക്‌ടർ പറഞ്ഞു.

അർജുന്റെ ലോറി അപകടസ്ഥലത്തേയ്ക്ക് കടന്നുവന്നുവെന്നത് സിസിടിവി പരിശോധനയില്‍ വ്യക്തമായി. മണ്ണിടിച്ചിലുണ്ടായ പ്രദേശം കടന്ന് ലോറി പോയിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട ഹ‌ർജി സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് വിക്രംനാഥ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ഗംഗാവലി പുഴയില്‍ സ്‌കൂബ ഡൈവർമാർ തെരച്ചില്‍ നടത്തുകയാണ്. 25 അടി താഴ്‌ചയാണ് പുഴയ്ക്കുള്ളത്. ശക്തമായ ഒഴുക്കുമുണ്ട്. പുഴയില്‍ രൂപപ്പെട്ടിരിക്കുന്ന മണ്‍കൂനയിലാണ് പരിശോധന നടത്തുന്നത്. പരിശോധനയ്ക്കായി ഡീപ്പ് സെർച്ച്‌ മെറ്റല്‍ ഡിറ്റക്‌ടർ ഉടനെത്തും. ഇതുപയോഗിച്ച്‌ ആദ്യം കരയിലായിരിക്കും സൈന്യം തെരച്ചില്‍ നടത്തുക. പുഴയിലെ പരിശോധനയ്ക്കായി നാവികസേന കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കുമെന്നും വിവരമുണ്ട്. പുഴയിലെ തെരച്ചില്‍ ദുഷ്‌കരമാണെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ഇടയ്ക്കിടെ പെയ്യുന്ന മഴയും വെല്ലുവിളി ഉയർത്തുന്നുണ്ട്. അർജുനെ കണ്ടെത്തുംവരെ തെരച്ചില്‍ തുടരുമെന്ന് കോഴിക്കോട് എംപി എം കെ രാഘവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *