അര്‍ജുനെ കണ്ടെത്താന്‍ സൈന്യമിറങ്ങും; തെരച്ചിലിന് ഐ എസ് ആര്‍ ഒയുടെ സഹായം തേടി

കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തുന്നതിനായി സൈന്യമിറങ്ങും.

സൈനിക സഹായം കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി തേടുകയായിരുന്നു. ബെലഗാവി ക്യാമ്ബില്‍ നിന്നുള്ള 40 പേരടങ്ങുന്ന സൈനിക സംഘമായിരിക്കും ഷിരൂരിലെത്തുക. പിന്നാലെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കും.അതേസമയം, തെരച്ചലിന് ഐഎസ്‌ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്.

മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതിഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിലും അല്‍പ്പസമയത്തിനകം ആരംഭിക്കും. അര്‍ജുന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിഷയത്തില്‍ ഇടപെട്ട എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. ഇന്ന് ഉച്ചയോടെയായിരിക്കും സിദ്ധരാമയ്യ ഷിരൂരിലെത്തുക.

Leave a Reply

Your email address will not be published. Required fields are marked *