അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: കമല ഹാരിസിന്റെ പ്രചാരണം ഹാക്ക് ചെയ്യാൻ ശ്രമമെന്ന് എഫ്ബിഐ, വിദേശ ഇടപെടലെന്ന് സംശയം

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിദേശ ഇടപെടലിന് ശ്രമം നടക്കുന്നതായി സംശയം. ഡെമോക്രാറ്റിക്‌ സ്ഥാനാർഥി കമല ഹാരിസിന്റെ പ്രചാരണം ഹാക്ക് ചെയ്യാൻ ചിലർ ശ്രമിക്കുന്നതായി എഫ് ബി ഐയുടെ മുന്നറിയിപ്പ് ലഭിച്ചുവെന്ന സ്ഥിരീകരണം വന്നതോടെയാണ് സംശയങ്ങള്‍ ബലപ്പെടുന്നത്.

നേരത്തെ മുൻ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡോണള്‍ഡ്‌ ട്രംപിന്റെ പ്രചാരണ ക്യാമ്ബില്‍നിന്നുള്ള മെയിലുകള്‍ പുറത്തുവന്നിരുന്നു.

എൻബിസി ന്യൂസ് റിപ്പോർട്ട് അനുസരിച്ച്‌, കമല ഹാരിസിൻ്റെ പ്രചാരണ സംഘത്തെ വിദേശ ഹാക്കിങ് സംഘങ്ങള്‍ ലക്ഷ്യമിട്ടിട്ടുള്ളതായി എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ ട്രംപിന്റെയും കമല ഹാരിസിന്റെയും പ്രചാരണ ക്യാമ്ബയിനുകള്‍ക്ക് നേരെ നടക്കുന്ന ഇടപെടല്‍ ശ്രമങ്ങളില്‍ എഫ് ബി ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, തങ്ങളുടെ സൈബർ സുരക്ഷയിലൂടെ ഹാക്കിങ് ശ്രമത്തെ തടഞ്ഞുവെന്നാണ് കമല ഹാരിസിന്റെ ടീം വ്യക്തമാക്കിയത്.കമല ഹാരിസ്

2016ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും അന്നത്തെ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ഹിലരി ക്ലിന്റന്റെ പ്രചാരണങ്ങളെ അസ്ഥിരപ്പെടുത്താനും ട്രംപിനെ സഹായിക്കാനും ശ്രമങ്ങള്‍ നടന്നതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. റഷ്യൻ സംഘമായിരുന്നു ഇതിന് പിന്നിലെന്ന് പിന്നീട് വിക്കിലീക്സ് പുറത്തുവിടുകയും ചെയ്തിരുന്നു.

ജോ ബൈഡൻ പ്രസിഡൻറ് തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറുന്നതിന് മുൻപുള്ള കാലഘട്ടത്തില്‍ ഉള്‍പ്പെടെ ബൈഡൻ- കമല്‍ ഹാരിസ് പ്രചാരണം നടന്നിട്ടുള്ളതായാണ് കരുതുന്നത്. ഇതില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് എഫ് ബി ഐ അറിയിച്ചു. ബൈഡൻ-കമല്‍ പ്രചാരണ ക്യാമ്ബിലുണ്ടായിരുന്ന മൂന്ന് അംഗങ്ങള്‍ക്ക് ഔഗ്യോഗികമെന്ന് തോന്നിപ്പിക്കുന്ന, കടന്നുകയറ്റിനായുള്ള ഫിഷിങ് മെയിലുകള്‍ ലഭിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. ഫിഷിങ് ശ്രമം വിജയിച്ചോ എന്ന് വ്യക്തമല്ല.

അതേസമയം, ട്രംപ് ക്യാമ്ബിലെ പല രഹസ്യവിവരങ്ങളും മോഷ്ടിക്കപെട്ടതായാണ് വിവരം. ട്രംപ് ക്യാമ്ബിലെ രഹസ്യ മെയിലുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി അമേരിക്കൻ മാധ്യമസ്ഥാപനങ്ങളായ പൊളിറ്റികോയും ന്യൂയോർക്ക് ടൈംസും അറിയിച്ചിരുന്നു. ഇറാനാണ് ഇതിന് പിന്നിലെന്നാണ് ട്രംപ് ക്യാമ്ബിന്റെ ആരോപണം. പ്രസിഡന്റ് പദവി തിരിച്ചുപിടിക്കാനുള്ള ട്രംപിൻ്റെ ശ്രമങ്ങളെ ഇല്ലാതാക്കാനാണ് ഇറാൻ ഇതിലൂടെ ശ്രമിക്കുന്നതെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. പക്ഷെ ആരോപണങ്ങള്‍ ഇറാൻ നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *