: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയെ പ്രവചിച്ച് തായ്‌ലൻഡിലെ വൈറല്‍ കുഞ്ഞു ഹിപ്പോയായ മൂ ഡെംഗ്.
ഡെമോക്രാറ്റിക് എതിരാളി കമലാ ഹാരിസിനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആകുമെന്നാണ് തായ്‌ലൻഡിലെ ഖാവോ ഖിയോ ഓപ്പണ്‍ മൃഗശാലയില്‍ ഹിപ്പോയുടെ പ്രവചനം.
തിങ്കളാഴ്ച പുറത്തുവന്ന വിഡിയോയില്‍ മൃഗശാലയിലെ കുളക്കരയില്‍ ട്രംപിന്റെയും കമല ഹാരിസിന്റെയും പേരെഴുതിയ രണ്ട് ഫ്രൂട്ട് കേക്കുകള്‍ ഒന്നു തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കിയപ്പോള്‍ ട്രംപിന്റെ പേരെഴുതിയ ഫ്രൂട്ടാണ് കുഞ്ഞു ഹിപ്പോ തിരഞ്ഞെടുത്തത്. അതേ സമയം, കൂടെയുണ്ടായിരുന്ന വലിയ ഹിപ്പോ കമല ഹാരിസിന്റെ പേരെഴുതിയ ഫ്രൂട്ട് കേക്ക് കഴിച്ചു.
2024 ജൂലൈ 10-ന് ജനിച്ച മൂ ഡെങ് എന്ന കുഞ്ഞുഹിപ്പോ സാമൂഹ്യമാധ്യമങ്ങളിലെ സെൻസേഷനാണ്. എക്‌സിലും ടിക്‌ടോക്കിലുമായി പുറത്തുവന്ന മൂ ഡെങിന്റെ നിരവധി വിഡിയോകള്‍ ഇതിനകം വൈറലാണ്. അടുത്തിടെ ഇതിഹാസ നർത്തകൻ മൈക്കല്‍ ജാക്‌സൻ്റെ ഐതിഹാസിക നൃത്തത്തെ അനുസ്മരിപ്പിക്കുന്ന “മൂണ്‍വാക്കിലൂടെ” മൂ ഡെങ് സമൂഹ്യമാധ്യമങ്ങള്‍ കൈയ്യടക്കിയിരുന്നു.
ചരിത്രത്തിെല ഏറ്റവും ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഇന്നാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്കയിലെ ആദ്യ വനിതാ പ്രസിഡന്റാകാൻ മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസും മൂന്നാം തവണയും ഗോദയിലുള്ള മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മത്സരരംഗത്ത് ഒപ്പത്തിനൊപ്പമാണെങ്കിലും അവസാനഘട്ട സർവേ ഫലങ്ങളില്‍ കമല മുന്നിട്ടുനില്‍ക്കുന്നതായാണ് റിപ്പോർട്ടുകള്‍.
രാജ്യത്തെ വിവിധ സമയ സോണുകളില്‍ പ്രാദേശിക സമയം ഏഴുമുതല്‍ രാത്രി എട്ടുവരെയാണ് വോട്ടിങ്. നിലവില്‍ ‘മുൻകൂർ വോട്ട്’ സൗകര്യം ഉപയോഗപ്പെടുത്തി എട്ടു കോടിയിലധികം ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ച തെരഞ്ഞെടുപ്പില്‍ ചൊവ്വാഴ്ച ഒമ്ബത് കോടി പേർ പോളിങ് ബൂത്തിലെത്തുമെന്നാണ് പ്രതീക്ഷ. പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധി സഭയിലേക്കും 34 സെനറ്റ് സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകംതന്നെ സാധാരണയായി ഫലം പുറത്തുവരാറുണ്ടെങ്കിലും, ഇക്കുറി ഏറെ വൈകുമെന്നാണ് റിപ്പോർട്ടുകള്‍.