അമേരിക്കയില്‍ പഠനവീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍

വിദേശപഠനത്തിന് വീസ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ പലപ്പോഴായി 10,40,288 രൂപ ചതിച്ച്‌ തട്ടിയെടുത്ത യുവതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.

വെച്ചൂച്ചിറ സ്വദേശിനിയായ കെ.കെ. രാജി (40) യാണ് പിടിയിലായത്. ഇവർ ഇതുകൂടാതെ സമാന രീതിയിലുള്ള നാലു വിശ്വാസവഞ്ചനാക്കേസുകളില്‍ കൂടി മുമ്ബ് പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ചുനക്കര തെക്കേടത്ത് വീട്ടില്‍ താമസിക്കുന്ന കർണാടക സ്വദേശി വിഷ്ണു മൂർത്തി എം.കെ. ഭട്ടിന്‍റെ പരാതിയില്‍ തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇദ്ദേഹത്തിന്‍റെ മകള്‍ക്ക് യുഎസില്‍ ഉപരിപഠനത്തിന് വീസ ശരിയാക്കി നല്‍കാമെന്നു വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്.

2022 ഏപ്രില്‍ 14ന് യുവതി താമസിച്ചുവന്ന തിരുവല്ല കാട്ടൂക്കരയിലെ വീട്ടില്‍ വച്ച്‌ ആദ്യം 4.5 ലക്ഷം രൂപ നല്‍കി. തുടർന്ന്, 21 മുതല്‍ പലപ്പോഴായി ഭട്ടിന്‍റെ വെച്ചൂച്ചിറയിലെ സെൻട്രല്‍ ബാങ്ക് അക്കൗണ്ടില്‍നിന്നു രാജിയുടെ റാന്നി കനറാ ബാങ്ക് അക്കൗണ്ടിലേക്കു ഗൂഗിള്‍പേ വഴിയും അക്കൗണ്ട് മുഖേനയും 5,90,288 കൈമാറിയെടുത്തു.

കഴിഞ്ഞ ഓഗസ്റ്റ് 24 നാണ് ഭട്ട് തിരുവല്ല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പല സ്ഥലങ്ങളിലും വാടകയ്ക്കും മറ്റും മാറിമാറി താമസിച്ചുവരികയായിരുന്നു രാജിയെ മഞ്ഞാടിയില്‍ നിന്നാണ് പോലീസ് ഇൻസ്‌പെക്ടർ ബി. കെ. സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

എസ്‌ഐ മുഹമ്മദ്‌ സാലിഹ്, എസ് സിപിഒ മനോജ്‌, സിപിഒ പാർവതി എന്നിവരടങ്ങുന്ന അന്വേഷണസംഘം സ്ഥലത്തെത്തി നടത്തിയ രഹസ്യ നീക്കത്തിലൂടെ ഇവരെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തത്. ഇവർ യാത്ര ചെയ്തിരുന്ന കാറും പോലീസ് പിടിച്ചെടുത്തു.

പത്തനംതിട്ട അബാൻ ജംഗ്ഷനില്‍ എഐഎംഎസ് ട്രാവല്‍സ് എന്നപേരില്‍ സ്ഥാപനം ഇവർക്കുണ്ടെന്നും എയർ, ബസ് ടിക്കറ്റുകള്‍, വിദേശപഠന വീസകള്‍ എന്നിവ തരപ്പെടുത്തി കൊടുക്കുന്നുണ്ടെന്നും രാജി പോലീസിനോടു പറഞ്ഞു. തിരുവല്ല ഡിവൈഎസ്പി എസ്. അഷാദിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *