അമേരിക്കയിലെ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് കുരങ്ങുകള്‍ ചാടിപ്പോയി

അമേരിക്കയിലെ സൗത്ത് കരോലിനയിലുള്ള ആല്‍ഫ ജനസിസ് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് 43 കുരങ്ങുകള്‍ ചാടിപ്പോയി.

നവംബർ ഏഴിനായിരുന്നു സംഭവം. ബോഫറ്റ് കൗണ്ടിയിലെ കാസല്‍ ഹാള്‍ റോഡിലുള്ള ഗവേഷണ കേന്ദ്രത്തില്‍നിന്ന് 43 റീസസ് മക്കാക് വിഭാഗത്തില്‍പ്പെട്ട കുരങ്ങുകളെയാണ് കാണാതായതെന്ന് യെമസ്സേ പോലീസ് അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് കുരങ്ങുകളെ താമസിപ്പിച്ചിരുന്ന കൂടിന്‍റെ വാതില്‍ അടയ്ക്കാന്‍ ജീവനക്കാരൻ മറന്നുപോയതാണ് അവ ചാടിപ്പോകാന്‍ കാരണമെന്ന് സ്ഥാപനത്തിന്റെ സിഇഒ ഗ്രെഗ് വെസ്റ്റര്‍ഗാഡ് സിബിഎസ് ന്യൂസിനോട് പറഞ്ഞു.

ഏകദേശം 4-5 കിലോഗ്രാം ഭാരംവരുന്ന കുട്ടികുരങ്ങുകളാണ് ഈ കൂടുകളില്‍ ഉണ്ടായിരുന്നത്. അതിനാല്‍ത്തന്നെ ഇവയെ പരീക്ഷണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നില്ല. കുരങ്ങുകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കുമോയെന്ന ആശങ്ക അധികൃതർക്കുണ്ട്.

അതിനാല്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയതായി അധികൃതർ അറിയിച്ചു. കെണികള്‍, തെര്‍മല്‍ ഇമേജിങ് ക്യാമറകള്‍ എന്നിവയുടെ സഹായത്തോടെ കുരങ്ങുകളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *