അമരന് ശേഷം ധനുഷിനൊപ്പം; ‘ഡി 55’ പ്രഖ്യാപിച്ച്‌ സംവിധായകൻ രാജ്‌കുമാര്‍ പെരിയസാമി

‘അമരന്’ ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രത്തില്‍ നായകനായി ധനുഷ്. ‘ഡി 55’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കള്‍.

ഗോപുരം ഫിലിംസിൻ്റെ ബാനറില്‍ അൻപുചെഴിയനും സുസ്മിത അൻബുചെഴിയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘തങ്കമകൻ’ എന്ന സിനിമക്ക് ശേഷം ധനുഷും ഗോപുരം ഫിലിംസും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് സൂചന.

‘രായൻ’ ആണ് ഒടുവിലായി തീയറ്ററുകളിലെത്തിയ ധനുഷ് ചിത്രം. ബോക്സ് ഓഫീസില്‍ 100 കോടിക്ക് മുകളില്‍ കളക്ഷൻ നേടിയ ചിത്രം സംവിധായകനെന്ന നിലയില്‍ ധനുഷിന് കയ്യടി നേടിക്കൊടുത്തിരുന്നു. ‘പാ പാണ്ടി’, ‘രായൻ’ എന്നിവക്ക് ശേഷം ‘നിലാവുക്ക് എൻ മേല്‍ എന്നടി കോപം’ ‘ഇഡ്‌ലി കടൈ’ എന്നീ ചിത്രങ്ങളും ധനുഷിന്റെ സംവിധാനത്തില്‍ വെെകാതെ തിയേറ്ററുകളിലെത്തും. തിരുച്ചിട്രമ്ബലത്തിന് ശേഷം ധനുഷും നിത്യ മേനനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഇഡ്‌ലി കടൈ’. ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ‘ഇഡ്ഡലി കടൈ’ നിർമിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിർമാണസംരംഭം കൂടിയാണിത്. ജി വി പ്രകാശ് കുമാറാണ് സംഗീതം. ധനുഷിന്റെ കരിയറിലെ 52 -ാം ചിത്രവും നാലാമത്തെ സംവിധാന സംരംഭവുമാണ്’ഇഡ്‌ലി കടൈ’.

ശേഖർ കമ്മുലയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കുബേര’യാണ് ധനുഷ് നായകനായി എത്തുന്ന അടുത്ത ചിത്രം. തമിഴിലും തെലുങ്കിലുമായി പ്രദർശനത്തിനെത്തുന്ന ചിത്രത്തില്‍ നാഗാർജുന, രശ്‌മിക മന്ദന എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും. ഫെബ്രുവരിയോടെ ‘കുബേര’ തിയേറ്ററുകളിലെത്തുമാണ് നിർമാതാക്കള്‍ നല്‍കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *