എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യു (19) കൊല്ലപ്പെട്ട കേസിൽ വിചാരണ ഇന്ന് തുടങ്ങും. അഡ്വ. മോഹൻരാജാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ. വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടി അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ട് ആറു വർഷം കഴിഞ്ഞിരിക്കുകയാണ്. 2019ൽ പ്രാഥമിക വിചാരണ ആരംഭിച്ചെങ്കിലും കൊവിഡ് കാലത്ത് പ്രതികളെ ഒന്നിച്ച് കോടതിയിൽ എത്തിക്കാനായില്ല. കൂടാതെ കുറ്റപത്രവും മറ്റും 2019ൽ വിചാരണക്കോടതിയിൽ നിന്ന് കാണാതായി. 2023 സെപ്തംബറിലാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഹൈക്കോടതി നിർദ്ദേശപ്രകാരം ഇവ പുനർനിർമ്മിക്കേണ്ടി വന്നു. ഇതൊക്കെയാണ് വിചാരണ വൈകാനിടയാക്കിയത്. കഴിഞ്ഞ ഒക്ടോബറിൽ കേസിൽ പ്രാരംഭ വാദം തുടങ്ങുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.കേസിലെ സാക്ഷികളായ 25 വിദ്യാർത്ഥികളും പഠനം കഴിഞ്ഞ് മഹാരാജാസ് കോളേജ് വിട്ടു. ഉപരിപഠനത്തിനും ജോലിക്കുമായി ചിലർ വിദേശത്തേക്കും പോയി. ഇവർക്ക് സമൻസ് നൽകി വിളിച്ചു വരുത്തണം. അതിനായി കേസിൽ ഇനിയും കാലതാമസം ഉണ്ടായേക്കാം.2018 ജൂലായ് രണ്ടിന് അർദ്ധരാത്രിയിലാണ് രണ്ടാം വർഷ ബി എസ് സി കെമിസ്ട്രി വിദ്യാർത്ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു കൊല്ലപ്പെട്ടത്. ക്യാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്തിനു മുകളിൽ ‘വർഗീയത തുലയട്ടെ” എന്ന് എഴുതിയതാണ് അരുംകൊലയിൽ കലാശിച്ചത്.